കൗൺസിലർ സ്ഥാനത്ത് നിന്ന് പ്രഥമ പൗരയിലേക്ക്; കനൽപഥങ്ങൾ താണ്ടിയ ദ്രൗപതി മുർമുവിന്‍റെ ജീവിതം

1958 ജൂൺ 20ന് ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ പഹാദ്പൂർ എന്ന സാന്താൾ ഗ്രാമത്തിൽ ബിരാഞ്ചി നാരായൺ തുഡുവിന്‍റെ മകളായാണ് ഇന്ത്യയുടെ പ്രഥമ വനിത ദ്രൗപതി മുർമുവിന്റെ ജനനം. പരേതനായ ശ്യാം ചരൺ മുർമുവാണ് ഭർത്താവ്. ഇതിശ്രീ മുർമു മകളും ഗണേശ് ഹെംബ്രം മരുമകനുമാണ്. മകൾ ഇതിശ്രീ ഒഡിഷയിലെ ബാങ്കിലാണ് ജോലി ചെയ്യുന്നത്.

ദ്രൗപതി മുർമു ഓഫിസിൽ

ഇന്ത്യയിലെ ഏറ്റവും അവികസിതമായ ഗ്രാമങ്ങളിലൊന്നാണ് മയൂർബഞ്ച്. ഒട്ടേറെ വെല്ലുവിളികൾ തരണം ചെയ്താണ് ദ്രൗപതി മുർമു ഒഡീഷയിലെ കുഗ്രാമത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പദത്തിൽ എത്തിയത്. വ്യക്തി ജീവിതത്തിൽ നേരിട്ട പകരം വെക്കാൻ സാധിക്കാത്ത നഷ്ടങ്ങൾ തന്നെയായിരുന്നു അതിൽ ഏറ്റവും പ്രധാനം. വർഷങ്ങളുടെ ഇടവേളകളിലാണ് ദ്രൗപതിക്ക് അവരുടെ ഭർത്താവിനെയും രണ്ട് മക്കളെയും മാതാവിനെയും പിതാവിനെയും നഷ്ടമായത്. ഒരാളുടെ വേർപാടിന്റെ മുറിവുണങ്ങുന്നതിനു മുമ്പ് അടുത്തയാളെയും ജീവിതത്തിൽ നിന്ന് വിധി തട്ടിയെടുക്കുകയായിരുന്നു.

ദ്രൗപതി മുർമുവം ഭർത്താവ് ശ്യാം ചരണും (ഫയൽ ചിത്രം)

ഉണങ്ങാത്ത മുറിവ്

ബാങ്ക് മാനേജരായിരുന്നു ​ദ്രൗപതിയുടെ ഭർത്താവ് ശ്യാം ചരൺ. ഉപർബേദയിൽനിന്നു പുറത്തുപോയി പഠിച്ച ആദ്യ വനിതയാണ് ദ്രൗപദി. അതുപോലെ പഹാദ്പുരിൽ അക്കാലത്ത് ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയയാളായിരുന്നു ശ്യാംചരൺ. ഗ്രാമത്തിലെ അനേകംപേരെ  വിദ്യാഭ്യാസത്തിലേക്കു കൊണ്ടുവന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. ദ്രൗപതി രാഷ്ട്രീയത്തിലെത്തിയതിന്റെ പിന്നിലും ഇദ്ദേഹം തന്നെ. സെക്രട്ടേറിയറ്റിൽ ജൂനിയർ അസിസ്റ്റന്റായിരിക്കെയായിരുന്നു വിവാഹം. ഇരുവരുടെയും ആദ്യ കുഞ്ഞ് കുഞ്ഞുന്നാളിലെ മരണപ്പെട്ടതാണ് ആദ്യ മുറിവ്.

ദ്രൗപതി മുർമുവിന്റെ മൂന്നു മക്കൾ. ഇതിൽ ആൺമക്കളാണ് അകാലത്തിൽ മരിച്ചത്

അധ്യാപന ജോലി രാജിവച്ച് ഭർത്താവിനു സ്ഥലംമാറ്റം കിട്ടിയ റായ്റംഗ്പുരിലേക്കു ദ്രൗപദിയും മാറി. വൈകാതെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടക്കം മൂന്നുമക്കൾ കൂടി ജനിച്ചു. തിരക്കുപിടിച്ച ജീവിതമായിരുന്നു പിന്നീട്. 2009ൽ ദുരൂഹ സാഹചര്യത്തിലാണ് അവരുടെ മൂത്ത മകൻ ലക്ഷ്മൺ മരിച്ചത്. ആ വേദനയകലും മുമ്പേ മൂന്നു വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകൻ സിപുൺ വാഹനാപകടത്തിൽ മരിച്ചു. അതിനു പിന്നാലെ ഭർത്താവിനെ നഷ്ടമായത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നാലെ അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ടു. ആറു വർഷത്തിനിടെ പ്രിയപ്പെട്ടവർ ഒന്നൊന്നായി വേർപിരിഞ്ഞതോടെ വിഷാദരോഗത്തിന്റെ വക്കിലെത്തിയ ദ്രൗപതി യോഗയിലൂടെയും ധ്യാനത്തിലൂടെയുമാണ് ജീവിതത്തിന്റെ താളം തിരികെ പിടിച്ചത്.

മകൾ ഇതിശ്രീക്കും പേരക്കുട്ടിക്കുമൊപ്പം ദ്രൗപതി മുർമു

രാഷ്ട്രീയ ജീവിതത്തിലേക്ക്

1997ൽ കൗൺസിലറായാണ് രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ബി.ജെ.പിയുടെ ഗോത്രവർഗ നേതാവായി രാഷ്ട്രീയത്തിൽ സജീവമായ ദ്രൗപദി മുർമു ഒഡിഷയിൽ പട്ടിക വർഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരിക്കെ രായിരംഗ്പുർ കൗൺസിലറായതോടെയാണ് പാർട്ടിയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. രാഷ്ട്രീയത്തിൽ സജീവമാകുംമുമ്പ് ജലസേചന, ഊർജ വകുപ്പുകളിൽ ജൂനിയർ അസിസ്റ്റന്‍റായും ശ്രീ അരബിന്ദോ ഇൻറഗ്രൽ എജുക്കേഷൻ സെന്‍ററിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചു. രാംദേവി വനിത കോളജിൽനിന്ന് ബി.എ ബിരുദം നേടിയ ദ്രൗപദി ഒഡിഷയിൽ മന്ത്രിയായിരിക്കെ ഗതാഗത, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകൾ കൈയാളിയിരുന്നു.

ദ്രൗപതി മർമുവിന്‍റെ ഭർത്താവിനെയും ആൺമക്കളെയും അടക്കം ചെയ്ത സ്ഥലം

2015 മുതൽ 2021 വരെ ഝാർഖണ്ഡ് ഗവർണറായിരുന്നു. സംസ്ഥാനത്തെ ആദ്യ വനിത ഗവർണറായിരുന്നു മുർമു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവർണറായ ആദ്യ ​ഗോത്രവിഭാഗം വനിതയുമാണ് മുർമു. ഗവർണറായിരിക്കെ, റോഡുകളുടെ വികസനത്തിനും മറ്റുമായി അവർ അക്ഷീണം പ്രയത്നിച്ചു. ദ്രൗപതി മുർമുവിന്റെസാന്താലി, ഒഡിയ ഭാഷകളിൽ ജ്ഞാനം നേടിയ മുർമു നല്ല പ്രാസംഗികയുമാണ്.

ദ്രൗപതി മർമുവിന്‍റെ തറവാട് വീട്


Full View


Tags:    
News Summary - Droupadi Murmu-personal life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.