ഹൈദരാബാദ്: സ്കൂളിൽ വിദ്യാര്‍ഥികള്‍ക്ക് മുന്നിലിരുന്ന് മദ്യപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത അധ്യാപകനെ ആന്ധ്രപ്രദേശ് സർക്കാർ സസ്പെൻഡ് ചെയ്തു. മദ്യപിച്ച് സ്കൂളിലെത്തിയ ശേഷം സ്റ്റാഫ്റൂമിലിരുന്നും മദ്യപിച്ച കെ. കോടേശ്വര റാവു എന്ന അധ്യാപകനെയാണ് സസ്പെൻഡ് ചെയ്തത്. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മദ്യലഹരിയിൽ അധ്യാപകൻ തന്നെ വസ്ത്രം അഴിപ്പിച്ച് ശിക്ഷിച്ചതായി വിദ്യാർഥികളിലൊരാൾ പരാതിപ്പെടുന്നതും വിഡിയോയിലുണ്ട്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കൃഷ്ണപുരം മണ്ഡല്‍ പരിഷത്ത് സ്‌കൂളിലായിരുന്നു സംഭവം. അധ്യാപകന്‍ സ്റ്റാഫ് റൂമിലിരുന്ന് മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിന്‍റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
കോടേശ്വര റാവു മദ്യപിച്ച് സ്കൂളിലെത്തുന്നതും വിദ്യാര്‍ഥികളോട് മോശമായി പെരുമാറുന്നതും സംബന്ധിച്ച് നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളിലൊരാള്‍ സ്‌കൂളിലെത്തി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയായിരുന്നു. സ്റ്റാഫ് റൂമിലിരുന്ന് കോടേശ്വരറാവു ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയുമായിരുന്നു അപ്പോൾ.
ഇത് ചോദ്യം ചെയ്ത രക്ഷിതാവായ യുവതിയോട് ഇയാള്‍ മോശമായി പെരുമാറുന്നുമുണ്ട്. വിഡിയോ ചിത്രീകരിക്കുന്നതിനെ എതിര്‍ത്ത ഇയാള്‍ അസഭ്യം പറയുകയും യുവതിക്ക് മുന്നില്‍ വസ്ത്രം അഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഇതിനിടെയാണ് വിദ്യാര്‍ഥികളിലൊരാള്‍ തന്നെ ക്ലാസ്മുറിയിൽ വസ്ത്രം അഴിപ്പിച്ച് നിർത്തി അധ്യാപകൻ ശിക്ഷിച്ചതായി വെളിപ്പെടുത്തിയത്.
പതിവായി മദ്യപിച്ചാണ് കോടേശ്വര റാവു ക്ലാസില്‍ വരാറുള്ളതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സ്‌കൂളിലെ ശൗചാലയത്തിലും സ്റ്റാഫ് റൂമിലെ അലമാരയിലുമാണ് ഇയാൾ മദ്യക്കുപ്പികള്‍ സൂക്ഷിക്കുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ അശ്ലീലച്ചുവയില്‍ പെരുമാറുന്നത് പതിവാണെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
അധ്യാപകന്‍റെ പെരുമാറ്റം മൂലം ആശങ്കയിലായ രക്ഷിതാക്കൾ വിഡിയോ ചിത്രീകരിച്ച് പരാതിപ്പെടാൻ തീരുമാനിക്കുകയായിരുന്നു. വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്ന് പശ്ചാത്തലത്തിലാണ് ഇയാള്‍ക്കെതിരേ അധികൃതർ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ കോടേശ്വര റാവുവിന് മെമ്മോ നല്‍കിയതായും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റവന്യൂ ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.