ലഖ്നോ: താൻ വാങ്ങിയ 250 ഗ്രാം ഉരുളക്കിഴങ്ങ് മോഷണം പോയതായി പരാതിപ്പെട്ട് പൊലീസിനെ വിളിച്ചുവരുത്തി യുവാവ്. ഉടൻ അന്വേഷണം ആരംഭിക്കണമെന്നും ഉരുളക്കിഴങ്ങ് കണ്ടെത്തിനൽകണമെന്നുമായിരുന്നു ആവശ്യം. ഉത്തർപ്രദേശിലെ ഹർദോയിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാത്രി പൊലീസിന്‍റെ എമർജൻസി നമ്പറിൽ കോൾ ലഭിക്കുകയായിരുന്നു. മോഷണം നടന്നെന്ന വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുമ്പോൾ മദ്യലഹരിയിലുള്ള പരാതിക്കാരനെയാണ് കണ്ടത്. താൻ 250 ഗ്രാം ഉരുളക്കിഴങ്ങ് വാങ്ങിയിരുന്നെന്നും തൊലി കളഞ്ഞ് പാചകം ചെയ്യാൻ വീട്ടിൽ വെച്ച ശേഷം മദ്യപിക്കാൻ പുറത്തുപോയെന്നും ഇയാൾ പറഞ്ഞു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉരുളക്കിഴങ്ങ് കാൺമാനില്ലായിരുന്നെന്നും ഇയാൾ പറയുന്നു.
ഇതുകേട്ട് അന്തംവിട്ട പൊലീസ് യുവാവ് പരാതി പറയുന്നത് മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയായിരുന്നു. തന്‍റെ പേർ വിജയ് വെർമ എന്നാണെന്നും താൻ ലേശം മദ്യപിച്ചിട്ടുണ്ടെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. പൊലീസ് കേസെടുക്കണമെന്നും തന്‍റെ ഉരുളക്കിഴങ്ങ് നഷ്ടപ്പെട്ടതിലെ നിഗൂഢത പുറത്തുകൊണ്ടുവരണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ദൃശ്യത്തിന് താഴെ തമാശയായും പരിഹസിച്ചും നിരവധി പേർ കമന്‍റുകൾ എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.