മുംബൈ: മദ്യലഹരിയിലായിരുന്ന സ്ത്രീ ലൈംഗിക ബന്ധത്തിന് നല്‍കുന്ന സമ്മതം അസാധുവാണെന്ന് ബോംബെ ഹൈകോടതി. മദ്യപിച്ച സ്ത്രീയുടെ അനുമതി സ്വതന്ത്രവും സ്വബോധത്തോടെയുമുള്ളതാണെന്ന് കരുതാനാവില്ല. അതിനാല്‍ ബലാത്സംഗം എന്ന കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പ്രതിക്ക് കഴിയില്ല.
സ്ത്രീ ഒരു തവണ ‘സമ്മതമല്ല’ എന്നുപറഞ്ഞാല്‍തന്നെ അവളുടെ അനുമതിയില്ളെന്ന് വ്യക്തമാണ്. സ്വബോധത്തോടെ പറയുന്നതാണ് സമ്മതമായി വിലയിരുത്താനാവൂ -ജസ്റ്റിസ് മൃദുല ഭട്കര്‍ വ്യക്തമാക്കി. പുണെയില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ ഒരു പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ഇന്ത്യന്‍ ശിക്ഷനിയമം 375ാം വകുപ്പില്‍ പറയുന്ന ‘സ്ത്രീയുടെ സമ്മതമില്ലാതെ’ എന്ന നിര്‍വചനത്തിന് വിപുല അര്‍ഥങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മൗനം പോലും സമ്മതമായി കാണാനാവില്ല.
കോക്ടെയ്ല്‍ പാര്‍ട്ടി കഴിഞ്ഞ് പ്രതി രണ്ട് കൂട്ടുകാരുടെ സഹായത്തോടെ യുവതിയെ ഫ്ളാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. യുവതി മദ്യപിച്ചിരുന്നുവെന്നും അതിനാലാണ് ഇവരെ സുഹൃത്തിന്‍െറ ഫ്ളാറ്റിലേക്ക് കൊണ്ടുപോയതെന്നും ഹരജിക്കാരന്‍ വാദിച്ചു. എന്നാല്‍, തനിക്ക് പാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയതാണെന്നായിരുന്നു യുവതിയുടെ വാദം. മദ്യം അകത്തുചെന്നതോടെ ബോധം നഷ്ടപ്പെട്ടു. റസ്റ്റാറന്‍റ് ജീവനക്കാരും സാക്ഷികളും നല്‍കിയ മൊഴി യുവതിയുടെ വാദം ശരിവെക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുഖ്യപ്രതിക്ക് ജാമ്യം നിഷേധിക്കുകയും രണ്ട് കൂട്ടുപ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.