കൊച്ചി: ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്കിടെ ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊച്ചിയിൽ എത്തിയില്ല. അദ്ദേഹം നേരിട്ട് കവരത്തിയിലേക്ക് പോയതായാണ് വിവരം. യാത്രാ ഷെഡ്യൂൾ പ്രകാരം നെടുമ്പാശ്ശേരി വഴി ലക്ഷദ്വീപിൽ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, അവസാന നിമിഷം യാത്ര റദ്ദാക്കി ദാമൻ ദിയുവിൽ നിന്നും അദ്ദേഹം എയർഫോഴ്സ് പ്രത്യേക വിമാനത്തിൽ കവരത്തിയിലേക്ക് പോയതായാണ് വിമാനത്താവള അധികൃതർ അറിയിച്ചത്.
അതേസമയം കോണ്‍ഗ്രസ് എം.പിമാര്‍ പ്രഫുലിനെ കാണാനായി നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. ലക്ഷദ്വീപില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിക്കാനായിരുന്നു എം.പിമാരായ ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എം.എല്‍.എ. എന്നിവർ വിമാനത്താവളത്തിലെത്തിയത്.
അഡ്മിനിസ്ടേറ്ററുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് സേവ് ലക്ഷ്ദ്വീപ് ഫോറം ലക്ഷദ്വീപിൽ കരിദിനം ആചരിക്കുകയാണ്. വീടുകളിൽ കരങ്കൊടി കെട്ടിയും കറുത്ത മാസ്ക് അണിഞ്ഞുമാണ് പ്രതിഷേധം. അഡ്മിനിസ്ടേറ്ററെ ബഹിഷ്കരിച്ച് സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം എന്നാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവർ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.