ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ഇ. അഹമ്മദും കുടുംബാംഗങ്ങളും നേരിട്ട ക്രൂരത കേന്ദ്രസര്‍ക്കാറിനെയും ആശുപത്രി അധികൃതരെയും പ്രതിക്കൂട്ടിലാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം മുറുകി. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചു.
വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ വിഷയം വീണ്ടും ഉന്നയിക്കാന്‍ കേരള എം.പിമാര്‍ തീരുമാനിച്ചു. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, മുതിര്‍ന്ന നേതാക്കളായ എ.കെ. ആന്‍റണി, സീതാറാം യെച്ചൂരി തുടങ്ങിയവരും അന്വേഷണം വേണമെന്ന ആവശ്യം ഡല്‍ഹിയില്‍ നടന്ന അനുശോചനയോഗത്തില്‍ ഉന്നയിച്ചു. ഇ. അഹമ്മദിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ വസതിയിലത്തെിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കുടുംബാംഗങ്ങള്‍ ആശുപത്രിയിലെ ദുരനുഭവത്തെക്കുറിച്ച് പരാതിപ്പെട്ടിരുന്നു.
ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായപ്പോള്‍ അഹമ്മദിനെ വെന്‍റിലേറ്ററിലാക്കി. ഹൃദയാഘാതത്തിനുള്ള ലൂക്കാസ് പ്രയോഗം തുടര്‍ച്ചയായി നടത്തുകയും മരണം സ്ഥിരീകരിക്കാന്‍ വൈകുകയും ചെയ്ത ദുരൂഹതയാണ് സംഭവത്തെ ചൂഴ്ന്നുനില്‍ക്കുന്നത്. പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ ഇവയാണ്: അഹമ്മദിനെ കാണാന്‍ ബന്ധുക്കളെപോലും അനുവദിച്ചില്ല. മതപരമായ അനുഷ്ഠാനങ്ങള്‍ക്ക് സമ്മതിച്ചില്ല. ഉത്തരവാദപ്പെട്ട മുതിര്‍ന്ന നേതാക്കളോടുപോലും കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല. മുതിര്‍ന്ന നേതാക്കളുടെ ചികിത്സാ പുരോഗതി സംബന്ധിച്ച് പതിവുരീതിയനുസരിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കിയില്ല.
ഐ.സി.യുവില്‍നിന്ന് ട്രോമ ഐ.സി.യുവിലേക്ക് അഹമ്മദിനെ മാറ്റി. അതിനു പുറത്ത് ബൗണ്‍സര്‍മാരെ നിയോഗിച്ച് എം.പിമാരെവരെ നേരിടുന്ന സാഹചര്യമാണ് ഉണ്ടായത്. അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെ അവിടെയത്തെിയ പ്രധാനമന്ത്രി കാര്യാലയ സഹമന്ത്രി ജിതേന്ദ്രസിങ് ആശുപത്രി അധികൃതരുമായി നടത്തിയ സംഭാഷണവിവരം വെളിപ്പെടുത്തണം. ഹൃദയാഘാതത്തിനുള്ള ലൂക്കാസ് പ്രയോഗം പരമാവധി ഒന്നര മിനിട്ടു നേരത്തേക്ക് മാത്രമേ നല്‍കാവൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, മണിക്കൂറുകള്‍ ലൂക്കാസ് പ്രയോഗം നടന്നു. ഉത്തരവാദപ്പെട്ട ഡോക്ടര്‍മാര്‍ പിന്‍വലിഞ്ഞുനിന്നു. ഇത്രയും ഗുരുതരമായൊരു സംഭവത്തില്‍ ട്രോമ ഐ.സി.യുവില്‍ ഉണ്ടായിരുന്നത് പി.ജി വിദ്യാര്‍ഥികളാണ്. പള്‍സ് വളരെ താഴ്ന്നശേഷമാണ് വെന്‍റിലേറ്റര്‍ ഘടിപ്പിച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നു.
സോണിയ ഗാന്ധി അടക്കമുള്ള എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഡോക്ടറായ മകളെയും മരുമകനെയും പിന്നീട് അകത്തുകടക്കാന്‍ അനുവദിച്ചപ്പോള്‍, ചികിത്സാ പരിക്കുകളോടെ മൃതദേഹമാണ് കണ്ടത്. ജീവന്‍രക്ഷാ ഉപകരണങ്ങളെല്ലാം നീക്കിയിരുന്നു. ചികിത്സയെക്കുറിച്ച അവരുടെ ചോദ്യങ്ങള്‍ക്ക് നേരത്തേ വിശദീകരണം നല്‍കിയതുമില്ളെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.
ദുരൂഹവും ദു$ഖകരവുമാണ് ഇ. അഹമ്മദ് നേരിട്ട ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബജറ്റ് അവതരണം സുഗമമാക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട വിവരം മൂടിവെക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നുവെന്ന് വിവിധ കോണുകളില്‍നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത് ശരിയാകാതിരിക്കട്ടെയെന്നാണ് പ്രാര്‍ഥന. അത്തരത്തിലൊന്ന് നടന്നുവെന്ന് സങ്കല്‍പിക്കാന്‍പോലും പ്രയാസമുണ്ട്. ബന്ധുക്കളെ കാണാന്‍പോലും അനുവദിക്കാത്ത എന്തു ചികിത്സയാണ് അഹമ്മദിന് നല്‍കിയതെന്ന് അറിയാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.