ന്യൂഡൽഹി: വോട്ടെടുപ്പ് യന്ത്രങ്ങൾ നിർമിക്കുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ (ബി.ഇ.എൽ) ഡയറക്ടര്‍ സ്ഥാനങ്ങളിൽനിന്ന് ബി.ജെ.പി നോമിനികളെ പിന്‍വലിക്കണമെന്ന് മുൻ കേന്ദ്ര ധനകാര്യ, ഊർജ സെക്രട്ടറി ഡോ.ഇ.എ.എസ്. ശര്‍മ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട സിവിൽ സൊസൈറ്റികളിൽ സജീവമായ ഡോ. ശർമ ഇക്കാര്യം ഉന്നയിച്ചത്.
ബി.ഇ.എൽ ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍, അവരുടെ പ്രവര്‍ത്തന വിവരങ്ങള്‍ എന്നിവ പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്നതരത്തില്‍ പരസ്യപ്പെടുത്തണം. ബി.ഇ.എൽ ബോര്‍ഡില്‍ നാല് ബി.ജെ.പി നോമിനികളെങ്കിലും ‘സ്വതന്ത്ര’ ഡയറക്ടര്‍മാരായി നാമനിർദേശം ചെയ്യപ്പെട്ടത് വഴി ആ സ്ഥാപനത്തിന്റെ കാര്യങ്ങളില്‍ ബി.ജെ.പിക്ക് പ്രധാന പങ്കുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. ഇ.വി.എമ്മുകളുടെ കാതലായ ചിപ്പുകളില്‍ ഉള്‍ച്ചേര്‍ത്ത രഹസ്യ സോഴ്‌സ് കോഡിന്റെ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളിലാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇടപെടാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.
ഇക്കാര്യം മുമ്പ് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അവഗണിക്കപ്പെട്ടു. ഭരണകക്ഷിയായ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിലോ, തെരഞ്ഞെടുപ്പുകളില്‍ അവശ്യം ഉണ്ടായിരിക്കേണ്ട സുതാര്യതയിലോ യാതൊരു ആശങ്കയുമില്ലെന്ന് തെളിയിക്കുന്നതാണ് ഈ കാര്യങ്ങൾ. ബി.ഇ.എൽ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലൊരാൾ രാജ്‌കോട്ട് ബി.ജെ.പി ജില്ല പ്രസിഡന്റായ മന്‍സൂഖ്ഭായ് ഷാംജിഭായ് ഖച്ഛാരിയ ആണ്. മറ്റ് മൂന്ന് ‘സ്വതന്ത്ര’ ഡയറക്ടര്‍മാര്‍ക്കെങ്കിലും ബി.ജെ.പിയുമായി ബന്ധമുണ്ട്. ഇത് ആശങ്കാജനകമാണ്.
കമീഷന് സ്വന്തം ദൗത്യത്തിലും തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ സമഗ്രത നിലനിര്‍ത്തുന്നതിലും ആത്മാർഥതയുണ്ടെങ്കിൽ ബി.ഇ.എല്ലിലെ പാർട്ടി വക ഡയറക്ടർമാരെ പിന്‍വലിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് നിദേശിക്കണം. അല്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ ഭാവിക്ക് ഹിതകരമല്ലാത്ത സാഹചര്യമുണ്ടാക്കും -ശർമ തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.