ന്യൂഡൽഹി: ഇന്ത്യ വ്യവസായ സൗഹൃദ രാജ്യമായെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ അവകാശവാദത്തിന് രാഹുൽ ഗാന്ധിയുടെ പരിഹാസം. ട്വീറ്റിലൂടെ ജെയ്റ്റ്ലി മറുപടിയുമായി എത്തിയതോടെ രംഗം കൊഴുത്തു. ഗുജറാത്തിലെ തെരഞ്ഞെടുപ്പുപര്യടനത്തിലും ട്വിറ്ററിലുമാണ് രാഹുൽ ജെയ്റ്റ്ലിക്കെതിരെ ആഞ്ഞടിച്ചത്.
എളുപ്പം വ്യവസായം നടത്താൻ കഴിയുന്ന അന്തരീക്ഷം നോട്ടുനിരോധനവും ജി.എസ്.ടിയും ചേർന്ന് നശിപ്പിച്ചതായി ഗുജറാത്തിലെ ജാംബുസറിൽ നടന്ന യോഗത്തിൽ രാഹുൽഗാന്ധി പറഞ്ഞു. വ്യവസായ സൗഹൃദാന്തരീക്ഷം ഇല്ലാതായെന്ന് രാജ്യം മുഴുവൻ പറയുേമ്പാഴാണ് ധനമന്ത്രിയുടെ അവകാശവാദം. നോട്ടുനിരോധനത്തെതുടർന്ന് ആഭ്യന്തര ഉൽപാദന നിരക്ക് രണ്ടുശതമാനമായി ഇടിഞ്ഞു. പാഠം പഠിക്കാതെ പ്രധാനമന്ത്രി ജി.എസ്.ടി കൂടി അടിച്ചേൽപിച്ചതോടെ പതനം പൂർണമായി.
ഇന്ത്യ വ്യവസായ സൗഹൃദരാജ്യമാണെന്ന് ലോകബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് അരുൺ ജെയ്റ്റ്ലി പറഞ്ഞത്. തെൻറ ഒാഫിസിലിരുന്ന് വിദേശികൾ പറയുന്നത് അദ്ദേഹം വിശ്വസിച്ചിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ചെറുകിട- ഇടത്തരം വ്യവസായികളുമായി ജെയ്റ്റ്ലി പത്ത് മിനിറ്റ് സംസാരിക്കണം, അപ്പോൾ അറിയാം സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടോ എന്ന്. യു.പി.എ സർക്കാറിെൻറ ‘അഴിമതി സൗഹൃദാന്തരീക്ഷം’ എൻ.ഡി.എ ‘വ്യവസായ സൗഹൃദാന്തരീക്ഷ’മാക്കി മാറ്റിയതായി ജെയ്റ്റ്ലി തിരിച്ചടിച്ചു. എളുപ്പം വ്യവസായം തുടങ്ങാൻ കഴിയുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 130ൽനിന്ന് 100ലേക്ക് കുതിച്ചതായാണ് ലോകബാങ്ക് റിപ്പോർട്ടിലുള്ളത്. ജെയ്റ്റ്ലിയാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.