ന്യൂഡൽഹി: പതിവു തെറ്റിച്ച് ഗുജറാത്തിനെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഹിമാചൽ പ്രദേശിൽമാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മാസം കഴിഞ്ഞ് ഡിസംബർ എട്ടിനായിരിക്കുമെന്നും കമീഷൻ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി ആറു മാസത്തിനകം തീരാനിരിക്കേയാണ് രാഷ്ട്രീയവൃത്തങ്ങളെ അമ്പരപ്പിച്ച നടപടി. സ്വന്തം സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവസാന നിമിഷ പ്രഖ്യാപനങ്ങൾ നടത്താൻ സമയമൊരുക്കുകയാണെന്ന് ആരോപിച്ച് കമീഷനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. ആറു മാസത്തിനകം കാലാവധി തീരുന്ന സംസ്ഥാനങ്ങളിൽ ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരുമിച്ച് ഫലം പ്രഖ്യാപിക്കുന്നതാണ് കമീഷൻ തുടർന്നുവരുന്ന രീതി. അതോടുകൂടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുകയും സർക്കാർ ചടങ്ങുകൾക്കും പ്രഖ്യാപനങ്ങൾക്കും പദ്ധതികൾക്കും മൊറട്ടോറിയം നിലവിൽ വരുകയും ചെയ്യും.
ഹിമാചൽ പ്രദേശ് നിയമസഭയുടെ കാലാവധി ജനുവരി എട്ടിനാണ് അവസാനിക്കുന്നത്. ഗുജറാത്ത് നിയമസഭയുടേത് ഫെബ്രുവരി 18നും. എന്നിട്ടും ഹിമാചലിനൊപ്പം ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിനെ കുറിച്ച ചോദ്യത്തിന് തൃപ്തികരമായ മറുപടി നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കായില്ല. ഹിമാചലിലെ വോട്ടെണ്ണാൻ വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മാസം വരെ കാത്തിരിക്കുന്നത് അതേ ദിവസം വോട്ടെണ്ണുന്ന തരത്തിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് പിന്നീട് പ്രഖ്യാപിക്കാനാണെന്ന വിമർശനവുമുയർന്നു. ഗുജറാത്തിനെ പ്രഖ്യാപനത്തിൽനിന്ന് മാറ്റിനിർത്തിയതിൽ ചട്ട ലംഘനമുണ്ടായില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഗുജറാത്ത്-ഹിമാചൽ നിയമസഭകളുടെ കാലാവധി തീരുന്നത് 40 ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. ചട്ടപ്രകാരം രണ്ട് തെരഞ്ഞെടുപ്പുകൾക്കിടയിൽ ചുരുങ്ങിയത് 30 ദിവസം ഉണ്ടായാൽ മതിയെന്നും എങ്കിൽ ഒരു സംസ്ഥാനത്തെ ഫലം മറ്റൊന്നിനെ ബാധിക്കില്ലെന്നുമാണ് രാജീവ് കുമാറിന്റെ ന്യായം. കാലാവസ്ഥപോലെ നിരവധി ഘടകങ്ങളുണ്ട്. മഞ്ഞു വരും മുമ്പ് ഹിമാചൽ തെരഞ്ഞെടുപ്പ് നടത്താനാണ് ഉദ്ദേശ്യമെന്നും കുമാർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനിൽ ആപ് ഏറെ മുന്നേറിയ ഗുജറാത്തിൽ ബി.ജെ.പി-കോൺഗ്രസ് നേരിട്ടുള്ള മൽസരം ത്രികോണമായി മാറിയിട്ടുണ്ട്.
55 ലക്ഷം വോട്ടർമാരും 68 സീറ്റുകളുമുള്ള ഹിമാചൽ പ്രദേശിൽ കഴിഞ്ഞ തവണ ബി.ജെ.പി 48.79 ശതമാനം വോട്ടുനേടിയിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസിന് 41.68 ശതമാനം വോട്ടാണ് ലഭിച്ചത്. ചില സീറ്റുകളിലെങ്കിലും ആപ് സാന്നിധ്യം ഇത്തവണ ത്രികോണ മത്സരത്തിന് വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.