പ്രധാനമന്ത്രിക്കെതിരായ പരാമർശം; ബി.ജെ.പി പരാതിയിൽ രാഹുലിന് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമീഷൻ. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ​ങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബി.ജെ.പി പരാതി നൽകിയത്. രാഹുലിന്റെ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നാണ് ബി.ജെ.പി നിലപാട്.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനുമായി താരതമ്യം ചെയ്തുവെന്നും ഇന്ത്യയിലെ മുതിർന്ന നേതാവിനെ മോശം മനുഷ്യനായി ചിത്രീകരിച്ചു​വെന്നും ബി.ജെ.പി പരാതിയിൽ വ്യക്തമാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. നവംബർ 25ന് തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ ഹാജരാവാൻ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയിട്ടുണ്ട്.

പോക്കറ്റടിക്കാരൻ ഒറ്റക്ക് വരില്ലെന്നായിരുന്നു രാജസ്ഥാനിലെ റാലിയിൽ രാഹുൽ ഗാന്ധിയുടെ പരാമർശം. ഒരാൾ മുമ്പിൽ നിന്ന് വരുമ്പോൾ ഒരാൾ പിന്നിൽ നിന്നും മറ്റൊരാൾ ദൂരെ നിന്നും വരും. പ്രധാനമന്ത്രി ഹിന്ദു-മുസ്‍ലിം, നോട്ട് നിരോധനം, ജി.എസ്.ടി എന്നിവ പറഞ്ഞത് പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കും. ഈ സമയത്ത് അദാനി പിന്നിലൂടെയെത്തി പണം കൊള്ളയടിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

ഒരാളെ പോക്കറ്റടിക്കാരൻ എന്ന് വിളിച്ചതിലൂടെ കേവലം വ്യക്തിപരമായ ആക്രമണം മാത്രമല്ല രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. ഇതിനൊപ്പം നരേ​ന്ദ്ര മോദിയെ വ്യക്തിഹത്യ നടത്തുകയും കൂടി കോൺഗ്രസ് നേതാവ് ചെയ്തിരിക്കുകയാണെന്ന് ബി.ജെ.പി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - EC issues show cause notice to Rahul over remarks against PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.