ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെയും പ്രധാനമന്ത്രിയുടെയും ചടങ്ങുകളും പ്രഖ്യാപനങ്ങളും പൂർത്തിയാക്കാൻ വേണ്ടി ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീട്ടിവെച്ചതിൽ കമീഷന്റെ നിഷ്പക്ഷതയെ പരിഹസിച്ച് കോൺഗ്രസ്. എന്നാൽ, തങ്ങൾ 100 ശതമാനം നിഷ്പക്ഷമാണെന്ന് ഈ പരിഹാസത്തിന് മറുപടി നൽകിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ, നിഷ്പക്ഷതയിൽ കമീഷന് അഭിമാനാർഹമായ പാരമ്പര്യമുണ്ട് എന്നും വ്യക്തമാക്കി.
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് 'കമീഷൻ ഒരു സ്വയംഭരണ സ്ഥാപനമാണെന്നും ഇത് തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്തുന്നു'വെന്നും കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഇമോജികളിട്ട് പരിഹസിച്ചു. ബി.ജെ.പി സർക്കാറിന്റെ സമ്മർദത്തിനൊടുവിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കമീഷന് നന്ദി രേഖപ്പെടുത്തുകയാണെന്ന് വാർത്താസമ്മേളനത്തിലും കോൺഗ്രസ് പരിഹാസം തുടർന്നു. ഒരേ ദിവസം വോട്ടെണ്ണുന്ന രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ വ്യത്യസ്ത തിയതികളിൽ പ്രഖ്യാപിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കമീഷൻ വിശദീകരണം നൽകണമെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് വാർത്തസമ്മേളനത്തിൽ ഗുജറാത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രഘുശർമ ആവശ്യപ്പെട്ടു. മോർബി ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ് എല്ലാ പരിപാടികളും റദ്ദാക്കിയപ്പോൾ പ്രധാനമന്ത്രി തന്റെ 'ഔദ്യോഗിക പരിപാടികളു'മായി മുന്നോട്ടുപോയെന്ന് ശർമ വിമർശിച്ചു.
എന്നാൽ, കമീഷൻ ബി.ജെ.പിയോട് പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണം നിഷേധിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ തങ്ങൾ 100 ശതമാനം നിഷ്പക്ഷമാണെന്ന് അവകാശപ്പെട്ടു. നിഷ്പക്ഷതയിൽ കമീഷന് അഭിമാനാർഹമായ പാരമ്പര്യമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാൻ നിരവധി കാരണങ്ങളുണ്ടെന്നും മോർബി പാലം തകർന്നത് അതിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥയും, നിയമസഭയുടെ കാലാവധി തുടങ്ങിയവയും പരിഗണിച്ചു.
തെരഞ്ഞെടുപ്പ് സമയപരിധിക്കകത്ത് തന്നെയാണെന്നും പ്രഖ്യാപനം വൈകിയാലും ഹിമാചലിനൊപ്പം ഗുജറാത്തിലെ വോട്ടെണ്ണുമെന്ന് അദ്ദേഹം തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.