കമൽനാഥിന്‍റെ 'ഐറ്റം പരാമർശം'; കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദ റിപ്പോർട്ട് തേടി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്‍റെ വിവാദ പരാമർശത്തിൽ വിശദമായ റിപ്പോർട്ട് തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഉപതെരഞ്ഞെടുപ്പ് റാലിയിൽ ബി.ജെ.പി നേതാവ് ഇമാർതി ദേവിക്കെതിരെ നടത്തിയ 'ഐറ്റം പരാമർശ'ത്തിലാണ് മധ്യപ്രദേശ് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് തേടിയത്.

മുൻ വനിത മന്ത്രിയെ കുറിച്ച് കമൽനാഥ് നടത്തിയ അപമാനകരമായ പരാമർശം ചൂണ്ടിക്കാട്ടി ദേശീയ വനിത കമീഷൻ ചീഫ് ഇലക്ഷൻ കമീഷണർക്ക് (സി.ഇ.സി) കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ നടപടി.

"ഞങ്ങളുടെ സ്ഥാനാർഥി അവളെ പോലെയല്ല... അവളുടെ പേര് എന്താണ്? നിങ്ങൾക്ക് അവളെ നന്നായി അറിയാം, നേരത്തെ എനിക്ക് മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു... എന്തൊരു ഇനം!)" -ഇതായിരുന്നു കമൽ നാഥിന്‍റെ പ്രസംഗത്തിലെ വിവാദ പരാമർശം. കമൽനാഥിന്‍റെ പരാമർശത്തിന് പിന്നാലെ പ്രസംഗം കേട്ടവർ ഇമാർതി ദേവിയുടെ പേര് വിളിച്ചു പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി സുരേഷ് രാജിന് വേണ്ടിയാണ് ദാബ്രയിൽ നടന്ന പ്രചാരണ റാലിയെ കമൽനാഥ് അഭിസംബോധന ചെയ്തത്. ഇമാർതി ദേവിയാണ് ഈ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി. വിവാദ പരാമർശത്തിന് പിന്നാലെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.