ചോദ്യം ചെയ്യൽ ഓഫിസ് സമയത്ത് മാത്രം, അസമയത്ത് ആളുകളെ വലക്കരുത്; ഉദ്യോഗസ്ഥർക്ക് നിർദേശവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡൽഹി: അന്വേഷണ ഉദ്യോഗസ്ഥർക്ക് പുതിയ സർക്കുലർ അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). അസമയത്ത് ആളുകളെ ചോദ്യം ​െചയ്യരുതെന്നും ​ഓഫിസുകളിൽ വളരെയധികം നേരം കാത്തുനിൽപ്പിക്കരുതെന്നുമുള്ള നിർദേശങ്ങളാണ് ഒക്ടോബർ 11ന് നൽകിയ സർക്കുലറിലുള്ളത്.

ഇ.ഡി വിളിച്ചുവരുത്തി രാത്രിയിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഒരാളുടെ ഹരജി പരിഗണിക്കവെ, ചോദ്യം ചെയ്യുന്നതിന് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കാൻ ബോംബെ ഹൈക്കോടതി അന്വേഷണ ഏജൻസിക്ക് നിർദേശം നൽകിയിരുന്നു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച 64 കാരനെ അർധരാത്രി വരെ ഇ.ഡി ഒാഫിസിൽ നിർത്തിയതായും കോടതി കണ്ടെത്തിയിരുന്നു.

അസമയത്താണ് ​അദ്ദേഹത്തിന്റെ മൊഴിയെടുത്തത്. ഉറങ്ങുക എന്ന മനുഷ്യന്റെ അടിസ്ഥാനാവകാശം പോലും ഹനിച്ചാണ് നടപടിയെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസിയുടെ ഇത്തരം നടപടികൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ചോദ്യം ചെയ്യാനായി വിളിപ്പിക്കുമ്പോൾ ഉദ്യോഗസ്ഥരുടെ കൈയിൽ കൃത്യമായ രേഖകൾ ഉണ്ടായിരിക്കണം. കൃത്യമായ ചോദ്യാവലി കൈയിൽ ഉണ്ടായിരിക്കണം. ചോദ്യം ചെയ്യാനായി പ്രത്യേക തീയതിയും സമയ പരിധിയും നിശ്ചയിക്കണം. മണിക്കൂറുകളോളം ആളുകളെ ഓഫിസിൽ ഇരുത്താൻ പാടില്ല. മുതിർന്ന പൗരൻമാർ, ഗുരുതര രോഗികൾ, അല്ലെങ്കിൽ എന്തെങ്കിലും അവശത അനുഭവിക്കുന്നവർ എന്നിവരെ ചോദ്യം ചെയ്യുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിക്കണം.എന്നിവയാണ് സർക്കുലറിലെ പ്രധാന നിർദേശങ്ങൾ.

Tags:    
News Summary - ED asks officers to question people only during office hours; avoid delays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.