ലഖ്നോ: യൂട്യൂബർ സിദ്ധാർഥ് യാദവ് എന്ന എൽവിഷ് യാദവിനും മറ്റ് ചിലർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ മാസം നോയ്ഡ പൊലീസ് യാദവിനും മറ്റുള്ളവർക്കുമെതിരെ എഫ്.ഐ.ആറും കുറ്റപത്രവും സമർപ്പിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഇ.ഡിയുടെ അന്വേഷണം. കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനവും അനധികൃത പണവുമുപയോഗിച്ച് വിനോദപാർട്ടികളും മറ്റും സംഘടിപ്പിക്കുന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. കേസുമായി ബന്ധപ്പെട്ട് യാദവിനെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു. പാർട്ടികളിൽ പാമ്പിൻവിഷം ഉപയോഗിച്ചുവെന്ന സംശയത്തിന്റെ പേരിൽ അടുത്തിടെ യാദവിനെ അറസ്റ്റ് ചെയ്തിരുന്നു.
ബിഗ് ബോസ് ഒ.ടി.ടി2വിന്റെ വിജയി കൂടിയാണ് 26കാരനായ എൽവിഷ് യാദവ്. ഇയാൾക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട്, വന്യജീവി സംരക്ഷണ നിയമം, ഇന്ത്യൻ ശിക്ഷ നിയമം എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരം നോയിഡ പൊലീസ് കേസെടുത്തിരുന്നു. യാദവിനൊപ്പം അഞ്ച് പാമ്പാട്ടികളെയും അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ നവംബർ മൂന്നിന് നോയിഡയിലെ വിരുന്നിനിടെ അഞ്ച് പാമ്പുകളെ പിടികൂടുകയും ഒമ്പത് പാമ്പുകളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ ഇവിടെ നിന്ന് 20 മില്ലി പാമ്പ് വിഷവും പിടിച്ചെടുത്തു. എന്നാൽ അന്ന് യാദവ് ബാങ്ക്വറ്റ് ഹാളിൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നോയിഡ പൊലീസ് 1,200 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. പാമ്പ് കടത്ത്, സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ ഉപയോഗം, റേവ് പാർട്ടികൾ സംഘടിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയതെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.