ചെന്നൈ: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള വിരട്ടൽ രാഷ്ട്രീയം തമിഴ്നാടിനെതിരെയും പുറത്തെടുത്ത് കേന്ദ്രസർക്കാർ. തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം തളർന്നുവീഴുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചില്ല. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡി.എം.കെ നേതാവ് ഇളങ്കോ പറഞ്ഞു. ബി.ജെ.പി വിരട്ടിയാൽ തങ്ങൾ പേടിക്കില്ലെന്നായിരുന്നു ഉദയ്‌നിധി സ്റ്റാലിന്റെ പ്രതികരണം.
ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രേട്ടറിയറ്റിലെ ഓഫിസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ മന്ത്രി റെയ്ഡ് വിവരമറിഞ്ഞ് ടാക്സി വിളിച്ച് വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ അനുമതി ചോദിക്കാതെയാണ് റെയ്ഡെന്ന് ഡി.എം.കെ ആരോപിച്ചു. സംസ്ഥാനത്തെ മദ്യവിൽപനയുടെ ചുമതലയുള്ള ടാസ്മാകിന്റെ ലോറികോൺട്രാക്ടറുടെ ഈറോഡിലെ വീട്ടിലും ഇ.ഡി ഉദ്യോഗസ്ഥരെത്തി.
ജയലളിതയുടെ കീഴിൽ മന്ത്രിയായിരുന്ന ബാലാജി ‘ജോലിക്ക് കോഴ’കേസിൽ ആരോപണം നേരിട്ടിരുന്നു. പിന്നീട് ഡി.എം.കെയിലേക്ക് കൂടുമാറിയ ഇദ്ദേഹത്തിനെതിരെ പൊലീസ്, ഇ.ഡി അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ മാസം ആദായനികുതി ഉദ്യോഗസ്ഥർ ബാലാജിയുടെ അടുപ്പക്കാരുടെ വീടുകളിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇ.ഡിയുടെ വരവ്. ആന്റി കറപ്ഷൻ മൂവ്മെന്റും ഇ.ഡിയുമാണ് മദ്രാസ് ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി രാഷ്ട്രീയ എതിരാളികളെ പിൻവാതിലിലൂടെ ഭീഷണിപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. ‘രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ നടത്തുന്ന പിൻവാതിൽ ഭീഷണി വിജയം കാണില്ല. അത് അവർ തന്നെ തിരിച്ചറിയുന്ന സമയം അടുത്തിരിക്കുന്നു’- സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിൽ കയറി മന്ത്രിയുടെ ഓഫിസിൽ പരിശോധിച്ചത് ഫെഡറലിസത്തിനേറ്റ കളങ്കമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അമിത് ഷായുടെ തമിഴ്നാട് സന്ദർശനം കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷമാണ് ഇ.ഡി റെയ്ഡെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഡി.എം.കെ സംഘടന സെക്രട്ടറിയും മുതിർന്ന അഭിഭാഷകനുമായ ആർ.എസ് ഭാരതിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം ബാലാജിയുടെ വീടിന് മുന്നിലെത്തിയിരുന്നു. നിയമോപദേശം നൽകാൻ ബാലാജിയെ കാണാൻപോലും ഇ.ഡി ഉദ്യോഗസ്ഥർ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.