ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെ ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. വ്യാഴാഴ്ച രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കായി എത്തിയത്.
സിവിൽ ലൈൻ ഏരിയയിലെ മന്ത്രിയുടെ വസതിക്ക് പുറമേ മറ്റ് ഒമ്പതിടങ്ങളിലും ഇ.ഡി പരിശോധന പുരോഗമിക്കുന്നുണ്ട്. ഏത് കേസിലാണ് മന്ത്രിയുടെ വസതിയിൽ ഇ.ഡി പരിശോധന നടത്തുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
തലസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട് ആരോപിക്കുന്ന കള്ളപ്പണ ഇടപാടിനെക്കുറിച്ച് വിശദീകരണം നൽകാൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തെത്തും. ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർ വിളിച്ച സാഹചര്യത്തിലാണിത്. കെജ്രിവാളിനെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്യാൻ ഇ.ഡി ഒരുങ്ങുന്നതായി ഡൽഹി മന്ത്രി അതിഷി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആപിനെ തകർക്കാൻ ഇ.ഡിയെ ചട്ടുകമാക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
കള്ളപ്പണ നിരോധന നിയമം പാടേ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികൾ ഉണരേണ്ട സമയമായെന്ന് ഇതിനിടെ, മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ എം.പി പറഞ്ഞു. ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളെയും ഇ.ഡി ഉന്നം വെക്കുകയാണ്. ഇ.ഡിയെ ദുരുപയോഗിക്കുന്നതും തുടർന്ന് നേതാക്കൾക്ക് ജാമ്യം നിഷേധിക്കുന്നതും സർക്കാറിന്റെ കൈയിലെ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെക്കുന്നതിനെതിരെ ഇൻഡ്യ മുന്നണി ഒറ്റ ശബ്ദത്തിൽ പ്രതികരിക്കണമെന്ന് കഴിഞ്ഞ ദിവസം ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചപ്പോൾ കപിൽ സിബൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.