ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസുമായി ഇ.ഡി

ന്യൂഡൽഹി: ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ബ്യൂറോ ഓഫ് ഇമിഗ്രേ​ഷനോട് അഭ്യർഥിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിലവിൽ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ബൈജുവിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാണ് ഇ.ഡി നീക്കം. ഇക്കണോമിക്സ് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇ.ഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്.

ഒന്നര വർഷം മുമ്പ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിന്റെ നിർദേശ പ്രകാരമായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. ഇതു​പ്രകാരം വ്യക്തിയുടെ വിദേശയാത്ര പരിപാടികൾ അന്വേഷണ ഏജൻസികൾക്ക് അറിയാനാകും. എന്നാൽ, വിദേശയാത്ര നടത്തുന്നതിൽ നിന്നും ഒരാളെ തടയാനാവില്ല.

എന്നാൽ, ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിൽ ഭേദഗതി വരുത്തണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം, നിലവിൽ ബൈജു രവീന്ദ്രൻ ദുബൈയിലാണ് ഉള്ളതെന്നാണ് വിവരം. നാളെ അദ്ദേഹം സിംഗപ്പൂരിലേക്ക് പോകുമെന്നാണ് സൂചന. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയാണെങ്കിൽ ദുബൈയിൽ നിന്നും നേരിട്ട് അദ്ദേഹത്തിന് സിംഗപ്പൂരിലേക്ക് പോകാനാവില്ല. തിരിച്ച് ഇന്ത്യയിൽ എത്തിയതിന് ശേഷം മാത്രമേ തുടർ യാത്രകൾ നടത്താനാവു.

2023 നവംബറിൽ ബൈജുവിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന് ഇ.ഡി നോട്ടീസ് അയച്ചിരുന്നു. 9,362.35 കോടി രൂപയുടെ ഫെമ നിയമലംഘനമുണ്ടായെന്നും കാണിച്ചായിരുന്നു നോട്ടീസയച്ചത്.

Tags:    
News Summary - ED seeks look out circular against Byju Raveendran amid ongoing probes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.