സു​പ്രീം​കോ​ട​തി

ഇ.ഡിയുടെ അമിതാധികാരം ജൂലൈയിൽ പുനഃപരിശോധിക്കും; ഹരജികൾ അടിയന്തിരമായി പരിഗണിക്കാൻ പ്രയാസമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് നൽകിയ അമിതാധികാരം ശരിവെച്ച പ്രമാദമായ സുപ്രീംകോടതി വിധി പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുനഃപരിശോധിക്കില്ല. പുനഃപരിശോധനക്ക് സമർപ്പിച്ച ഹരജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഈ വിഷയത്തിന് അടിയന്തിര സ്വഭാവമുണ്ടെന്നും അതെന്താണെന്ന് സുപ്രീംകോടതിക്ക് തന്നെ അറിയാമ​ല്ലോ എന്നും ബോധിപ്പിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനോട് മറ്റു കേസുകളുള്ളതിനാൽ അടിയന്തിരമായി കേൾക്കാൻ തങ്ങൾക്ക് വളരെ പ്രയാസമുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദരേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹരജികൾ ജൂ​ലൈ 23,24,25 തിയതികളിൽ പരിഗണിക്കാനായി ബെഞ്ച് മാറ്റി.

സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ശേഷം ലോക്പാൽ ചെയർപേഴ്സണായി മോദി സർക്കാർ നിയമിച്ച ജസ്റ്റിസ് എം.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ചാണ് 2022 ജൂലൈ 27ന് വിജയ് മദൻലാൽ ചൗധരി കേസിൽ പ്രമാദമായ വിധി പുറപ്പെടുവിച്ചത്. അറസ്റ്റിനും റെയ്ഡിനും വസ്തുവഹകൾ കണ്ടുകെട്ടുന്നതിലും മറ്റു ഏജൻസികൾക്കില്ലാത്ത അമിതാധികാരം ഇ.ഡിക്ക് നൽകാനായി ‘അനധികൃത പണമിടപാട് തടയൽ നിയമ’(പി.എം.എൽ.എ)ത്തിന്റെ 5,8(4),15,17,19 വകുപ്പുകൾ ഭേദഗതി ചെയ്തത് ശരിവെച്ച ഈ വിധിക്കെതിരെയുള്ള ഹരജികളാണ് അടിയന്തിരമായി കേൾക്കാതെ സു​പ്രീംകോടതി മാറ്റിവെച്ചത്. ഒരിക്കൽ സുപ്രീംകോടതി വാദം കേട്ട കേസ് അന്ന് പരിഗണിച്ച ബെഞ്ചിനെ നയിച്ച ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ വിരമിച്ചതിനെ തുടർന്നാണ് വീണ്ടും കേൾക്കേണ്ടി വന്നത്.

കേസ് ചൊവ്വാഴ്ച കേസ് എടുത്തപ്പോൾ തന്നെ ജൂലൈയിലേക്ക് മാറ്റാനുള്ള ബെഞ്ചിന്റെ താൽപര്യം ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. കോടതയോണ് അത് തീരുമാനി​ക്കേണ്ടതെന്നും വിഷയത്തിന് അടിയന്തിര പ്രാധാന്യമുണ്ടെന്നും കപിൽസിബൽ ബോധിപ്പിച്ചു. താൻ നേരത്തെ വാദിച്ച കേസാണിതെന്നും ശരിക്കും അടിയന്തിര സ്വഭാവമുള്ളതാണെന്നും സിബൽ തുടർന്നു. അതിന് അടിയന്തിര സ്വഭാവമുള്ളത് എന്തുകൊണ്ടാണെന്ന് കോടതിക്ക് തന്നെ അറിയാമല്ലോ എന്നും സിബൽ കൂട്ടി​ച്ചേർത്തു. ഇ.ഡി കേസുകളിലെ ജാമ്യാപേക്ഷകൾ തങ്ങൾ നിരാകരിച്ചിട്ടില്ലല്ലോ എന്ന് ജസ്റ്റിസ് ഖന്ന അതിന് മറുപടി നൽകി.

ഹരജികൾ ജൂലൈയിൽ പരിഗണിക്കാം. അതിന് മുമ്പൊരു തിയതി നൽകാൻ കഴിയില്ല. ജൂലൈ യിൽ പരിഗണിക്കു​മ്പോൾ വാദിക്കാൻ ഒരാഴ്ച നൽകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധിക്കെതിരായുള്ള പുനഃപ രിശോധന ഹരജിയുമുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അത് ഇനിയും കേസ് പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് കപിൽ സിബൽ പ്രതികരിച്ചു.

Tags:    
News Summary - ED's overreach; The Supreme Court said that it is difficult to consider petitions urgently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.