‘കള്ളക്കേസ് ചുമത്തി ഇഫ്ളു വിദ്യാർഥി സമരത്തെ അടിച്ചമർത്താനാവില്ല’

രാജ്യത്തെ സുപ്രധാന ഭാഷ സർവകലാശാലയായ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്സിറ്റിയിൽ (ഇഫ്ളു) വെച്ച് വിദ്യാർഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതിഷേധിക്കുകയും അതിജീവിതക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന ഒരേയൊരു കാരണം കൊണ്ട് തെലങ്കാന പൊലീസ് എഫ്.ഐ.ആർ ചുമത്തുകയും അന്യായമായ വകുപ്പുകൾ ചേർത്ത് വേട്ടയാടുകയും ചെയ്യുന്ന 11 വിദ്യാർഥികളിൽ ഒരാൾ എഴുതുന്ന കുറിപ്പ്

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് കാമ്പസിലെ ഒരു വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായ വാർത്ത അറിയുന്നത്. ഹോസ്റ്റലിന് താഴെ ഇറങ്ങുമ്പോഴേക്കും ഒരു വലിയ വിദ്യാർഥിക്കൂട്ടം അവിടെയുണ്ടായിരുന്നു. വിദ്യാർഥികളോട് സംസാരിച്ചപ്പോഴാണ് വിഷയത്തിൽ സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് മനസ്സിലാവുന്നത്. ഒക്ടോബർ 18ന് രാത്രി 10 മണിയോടടുത്താണ് കാമ്പസിലെ വിദ്യാർഥിനിക്ക് നേരെ രണ്ട് പുരുഷന്മാരിൽനിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വരുന്നത്. തുടർന്ന് അബോധാവസ്ഥയിലായ അതിജീവിതയെ യൂനിവേഴ്സിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചപ്പോൾ വിഷയം പുറത്തറിയിക്കാതിരിക്കാൻ നിർദേശിക്കുകയായിരുന്നു ഹെൽത്ത് സെന്ററിലെ ജീവനക്കാർ. വിഷയത്തെക്കുറിച്ച് ഹോസ്റ്റൽ വാർഡൻ യൂനിവേഴ്സിറ്റി പ്രോക്ടറെ രാത്രി തന്നെ വിവരമറിയിച്ചെങ്കിലും പ്രോക്ടർ യാതൊരു നടപടിയും സ്വീകരിച്ചില്ല. കാമ്പസിലെ ലൈംഗികാതിക്രമ പരിഹാര സമിതിയായ സ്പർഷ്(SPARSH) പുന:സംഘടിപ്പിക്കുക, ഈ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിദ്യാർഥികളെ ഉൾപ്പെടുത്തുക, കമ്മിറ്റിയിൽ LGBTQIA+ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി വിദ്യാർഥികൾ സമരം ചെയ്തിട്ട് 24 മണിക്കൂർ പൂർത്തിയാവുന്നതിന് മുമ്പാണ് ഈ സംഭവമെന്നോർക്കണം. ഇത്തരത്തിൽ യൂനിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചക്കെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഒക്ടോബർ 19ന് പുലർച്ചെ അഞ്ചോടെ എല്ലാവരും യൂനിവേഴ്സിറ്റി പ്രോക്ടറുടെ ക്വാർട്ടേഴ്സിന് മുന്നിൽ സംഗമിച്ചു. എകദേശം ഇരുനൂറിലധികം വരുന്ന വിദ്യാർഥികൾ അവിടെ എത്തുമ്പോഴേക്കും പ്രോക്ടറും സെക്യൂരിറ്റി ഗാർഡുമാരും പുറത്തേക്കെത്തിയിരുന്നു.

വിഷയത്തിൽ കൃത്യമായ അന്വേഷണം ഉറപ്പാക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്ന് സംഭവിച്ച ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വൈസ് ചാൻസലറും പ്രോക്ടോറിയൽ ബോർഡ് അംഗങ്ങളും രാജിവെക്കണമെന്നുമായിരുന്നു കാമ്പസിലെ വിദ്യാർഥികളുടെ ആവശ്യം. കൂടാതെ വൈസ് ചാൻസലർ നേരിട്ട് വന്ന് അഭിസംബോധന ചെയ്യണമെന്നും വിദ്യാർഥികൾ പ്രോക്ടറോട് ആവശ്യപ്പെട്ടു. പ്രോക്ടർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ ഇതൊരു ‘ചെറിയ വിഷയം’ ആണെന്ന് പറയുകയും അതുവഴി വിഷയത്തെ നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയുമുണ്ടായി. അതിജീവിതയുടെ വിശദാംശങ്ങൾ രഹസ്യമാക്കി വെക്കണമെന്നിരിക്കെ അതിജീവിതയുടെ ഐഡന്റിറ്റിയെക്കുറിച്ച് യൂനിവേഴ്സിറ്റി രജിസ്ട്രാർ വിദ്യാർഥികളോട് പരസ്യമായി ചോദിച്ചതും യൂനിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവ് തന്നെയാണ്. തുടർന്ന് അതിജീവിതയുടെ ആവശ്യപ്രകാരം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ ചില അധ്യാപകരുടെ സാന്നിധ്യം കൂടെ ആവശ്യപ്പെടുകയും ചെയ്തു.

 

പുലർച്ചെ അഞ്ചിന് പ്രോക്ടറുടെ ക്വാർട്ടേഴ്സിന് മുന്നിൽ തുടങ്ങിയ സമരം വൈകുന്നേരം 4.30നാണ് അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് മുന്നിലേക്ക് മാറുന്നത്. ഈയൊരു 12 മണിക്കൂറിനിടയിൽ ഒരിക്കൽ പോലും വിദ്യാർഥികളെ കൃത്യമായി അഭിസംബോധന ചെയ്യാനോ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ അധികാരികൾ തയാറായിരുന്നില്ല.

രാത്രി വൈകിയും തുടർന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ഇരുനൂറിൽ പരം വിദ്യാർഥികളിൽനിന്ന് അഞ്ച് പ്രതിനിധികളെ വൈസ് ചാൻസിലറുമായി ചർച്ച നടത്താൻ അധികാരികൾ ക്ഷണിച്ചെങ്കിലും മുഴുവൻ വിദ്യാർഥികളെയും വൈസ് ചാൻസലർ നേരിട്ട് വന്ന് അഭിസംബോധന ചെയ്യണമെന്ന ആവശ്യത്തിൽ ഞങ്ങൾ ഉറച്ചുനിന്നു. പൊലീസ് വിദ്യാർഥികളോട് പിരിഞ്ഞുപോവാൻ ആവശ്യപ്പെട്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കുന്നത് വരെയും ഞങ്ങളുയർത്തിയ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെയും സമരം തുടരുമെന്ന് വിദ്യാർഥികൾ ഒറ്റക്കെട്ടായി അധികാരികളെ അറിയിച്ചു. തുടർന്നാണ് പൊലീസ് വിദ്യാർഥികളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനും സമരം നിർത്തിവെപ്പിക്കാനും ശ്രമിച്ചത്. അക്ഷരാർഥത്തിൽ കാമ്പസ് പൊലീസ് തേർവാഴ്ചക്ക് വിട്ടുകൊടുത്ത അവസ്ഥയായിരുന്നു. അമ്പതിൽ പരം വരുന്ന പൊലീസ് സംഘം സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വലിച്ചിഴച്ച് നീക്കം ചെയ്യാനുള്ള ശ്രമം നടത്തി. വിദ്യാർഥികളുടെ ശക്തമായ ചെറുത്തുനിൽപ്പ് കാരണം ആരെയും പിടിച്ചുകൊണ്ടുപോകാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിലും ഉന്നതാധികാരികളായ വൈസ് ചാൻസലറെയും പ്രോക്ടറെയും വിദ്യാർഥികൾക്കിടയിൽനിന്ന് പുറത്തിറക്കാൻ പൊലീസ് വഴിയൊരുക്കി.

വിശ്രമമില്ലാതെ തുടർന്ന സമരം അന്ന് രാത്രി താൽക്കാലികമായി അവസാനിപ്പിക്കാൻ വിദ്യാർഥികൾ നിർബന്ധിതരാകേണ്ടി വന്നു. നാടകീയ സംഭവങ്ങൾ അരങ്ങേറിയ ഈ രാത്രിക്ക് ശേഷമാണ് യൂനിവേഴ്സിറ്റി പ്രോക്ടർ വിദ്യാർഥി പ്രതിഷേധത്തെ അടിച്ചമർത്താനും ജനശ്രദ്ധ വഴിതിരിച്ചു വിടാനുമായി ഈ സമരവുമായി യാതൊരു ബന്ധവുമില്ലാത്ത, സംഘാടകർ തന്നെ പിൻവലിച്ച ഫലസ്തീൻ സാഹിത്യ ചർച്ചയുമായി വിദ്യാർഥി പ്രതിഷേധത്തെ ബന്ധപ്പെടുത്തി ഞങ്ങൾ ആറ് മലയാളികളുൾപ്പെടെ 11 പേർക്കെതിരെ പരാതി നൽകുകയും തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായത്. ഇസ്‍ലാമോഫോബിക് നരേറ്റീവുകൾ പടച്ചെടുത്ത് സമരത്തിൽ വിള്ളലുണ്ടാക്കി പ്രതിഷേധത്തെ അടിച്ചമർത്താനുള്ള അധികൃതരുടെ ഗൂഢനീക്കമാണിതെന്ന് വ്യക്തമാണ്. ലൈംഗികാതിക്രമ വിഷയത്തിൽ അതിജീവിതയുടെ ആവശ്യപ്രകാരം പ്രോക്ടർ തന്നെ വിളിച്ചുവരുത്തിയ വിശ്വസ്തരായ യൂനിവേഴ്സിറ്റി അധ്യാപകരെപ്പോലും തെറ്റായി ചിത്രീകരിക്കുന്നതാണ് ഈ എഫ്.ഐ.ആർ.

വളരെ ചെറിയ ഭൂവിസ്തൃതിയുള്ള, നൂറിൽ പരം സുരക്ഷ ജീവനക്കാരുള്ള, എല്ലായിടത്തും സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുള്ള ഒരു കാമ്പസിലെ മൂന്നാമത്തെ ഗേറ്റിൽനിന്ന് വളരെ ചെറിയ ദൂരത്തിലാണ് ഈ ദാരുണ സംഭവം നടന്നതെന്നത് യൂനിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയെ എടുത്തു കാണിക്കുന്നു. എന്നാൽ, ഈ വിഷയങ്ങളെല്ലാം മറച്ചുവെക്കാനും യഥാർഥ പ്രശ്നത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുമാണ് ഇത്തരത്തിൽ ഒരു വിഷയം പ്രോക്ടർ പരാതിയിലേക്ക് വലിച്ചിട്ടത്. ഒരു സഹപാഠിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി സമാധാനപരമായി സമരം നടത്തിയ നൂറുകണക്കിന് വിദ്യാർഥികളിൽനിന്ന് 11 പേരെ തിരഞ്ഞുപിടിച്ച് ബലിയാടാക്കുകയും 153 (A) പോലുള്ള ഈ സമരവുമായി യാതൊരു തരത്തിലും ബന്ധപ്പെടുത്താനാവാത്ത കലാപ ശ്രമമടക്കമുള്ള വകുപ്പുകൾ ചേർത്ത് ഞങ്ങളെ കള്ളക്കേസിലകപ്പെടുത്തുകയും ചെയ്ത യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെയും തെലങ്കാന പൊലീസിന്റെയും നടപടി അങ്ങേയറ്റം അന്യായവും വിദ്യാർഥികളോടുള്ള കടുത്ത നീതി നിഷേധവുമാണ്. ലൈംഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനിയെ അപമാനിക്കുന്ന തരത്തിൽ അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങളും ഒരു കേന്ദ്ര സർവകലാശാലയായിട്ടും വിദ്യാർഥികൾക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ വന്ന വീഴ്ചയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

യൂനിവേഴ്സിറ്റി പരാതി നൽകിയതും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും തീർച്ചയായും ഈ സമരത്തെ പരാജയപ്പെടുത്താനും അതിന്റെ വിഷയ ഗൗരവത്തെ ഇല്ലാതാക്കാനുമാണ്. നൂറുകണക്കിന് വിദ്യാർഥികൾ ഇരുപത് മണിക്കൂറിലേറെ അതിജീവിതയുടെ നീതിക്ക് വേണ്ടി സമരം ചെയ്തപ്പോൾ അതിൽനിന്ന് 11 വിദ്യാർഥികൾക്കെതിരെ പരാതി നൽകിയതും അതിൽ സമരം നടക്കുമ്പോൾ കാമ്പസിൽ ഇല്ലാതിരുന്ന വിദ്യാർഥിയെ വരെ ഉൾപ്പെടുത്തിയതും ഈ സമരം ഇല്ലാതാക്കാനുള്ള യൂനിവേഴ്സിറ്റി അധികാരികളുടെ കുതന്ത്രം എടുത്തു കാണിക്കുന്നു. ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. കള്ളക്കേസുകൾ ചുമത്തി ഈ പോരാട്ടം ഇല്ലാതാക്കിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ലൈംഗികാതിക്രമ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുന്നതിനും കാമ്പസുകളിൽ വിദ്യാർഥികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്നുള്ള നടപടികൾ സ്വീകരിക്കുന്നതിനും വിദ്യാർഥികൾക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുന്നതിനും മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പിന്തുണ ഞങ്ങൾ അഭ്യർഥിക്കുന്നു.

Tags:    
News Summary - EFLU students strike cannot be suppressed by false charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.