ചെന്നൈ: അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് നെടുന്തീവിന് സമീപം മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് രാമേശ്വരത്തുനിന്ന് എട്ട് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചയാണ് അറസ്റ്റ് ചെയ്തതെന്ന് തമിഴ്നാട് തീരദേശ പൊലീസ് അറിയിച്ചു. വിലകൂടിയ രണ്ട് യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തു.
കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയിലെ കാങ്കസന്തുറൈ തുറമുഖ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഇവരെ ജാഫ്ന ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറും. ഡിസംബർ നാലിന് 14 തമിഴ് മത്സ്യത്തൊഴിലാളികൾ അറസ്റ്റിലായിരുന്നു.
ശ്രീലങ്കൻ നാവികസേന ക്രൂരമായി ആക്രമിച്ചെന്നും മത്സ്യബന്ധന വലകളും ജി.പി.എസ് ഉപകരണങ്ങളും നശിപ്പിച്ചെന്നും മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു. ഡിസംബർ മൂന്നിനും 18 പേരെ നെടുന്തീവിനു സമീപം തടഞ്ഞിരുന്നു.
പിടിയിലാകുന്നവർ ശ്രീലങ്കൻ കടലിൽ പ്രവേശിച്ച് അനധികൃത മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ശ്രീലങ്കൻ സേന ആരോപിക്കുന്നത്.
2024 ജൂൺ 16 മുതൽ 425 പേരെ അറസ്റ്റ് ചെയ്യുകയും 58 ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പലരും ശ്രീലങ്കൻ ജയിലുകളിലാണ്. ഇത് തമിഴ്നാട് തീരദേശ മേഖലകളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.