ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാനോ അതിലെ അംഗങ്ങളെ തെരഞ്ഞെടുപ്പിന് അയോഗ്യരാക്കാനോ തങ്ങൾക്ക് അധികാരമില്ലെന്ന് തെരഞ്ഞെടുപ്പു കമീഷൻ സുപ്രീംകോടതിയിൽ. വിദ്വേഷ പ്രസംഗം നിയന്ത്രിക്കാൻ നടപടികൾ ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജിക്ക് സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരം നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പു കമീഷന്റെ ഈ വിശദീകരണം.
വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാനും അതിലെ അംഗങ്ങൾക്ക് അയോഗ്യത കൽപിക്കാനും തെരഞ്ഞെടുപ്പു കമീഷന് അധികാരം നൽകാമോ എന്ന വിഷയം സുപ്രീംകോടതി 2014ൽ നിയമ കമീഷന്റെ പരിശോധനക്ക് വിട്ടിരുന്നതായി സത്യവാങ്മൂലത്തിൽ പറഞ്ഞു.
എന്നാൽ, നിയമ കമീഷൻ ഇക്കാര്യത്തിൽ മറുപടി പറഞ്ഞില്ല. നിയമനിർമാണ അധികാരമുള്ള പാർലമെന്റിനോടും ശിപാർശകളൊന്നുമില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ചില മാറ്റങ്ങൾ നിയമ കമീഷൻ നിർദേശിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിന്റെ കാര്യത്തിൽ വ്യക്തമായ നിയമം ഇല്ലാത്തതിനാൽ ജനപ്രാതിനിധ്യ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പു കാലത്ത് നടപടികൾ സ്വീകരിക്കാറുണ്ടെന്നും തെരഞ്ഞെടുപ്പു കമീഷൻ വിശദീകരിച്ചു.
നിലവിലെ ഏതെങ്കിലും നിയമത്തിൽ വിദ്വേഷ പ്രസംഗത്തെ നിർവചിച്ചിട്ടില്ല. എന്നാൽ, ഇന്ത്യൻ ശിക്ഷാ നിയമം 153എ, ബി, 295എ, 298, 505, ജനപ്രാതിനിധ്യ നിയമത്തിലെ 8,123(3എ), 125 എന്നിവ ഇതുമായി ബന്ധപ്പെട്ടുനിൽക്കുന്നു. മാതൃക പെരുമാറ്റച്ചട്ടത്തിലും വിദ്വേഷ പ്രസംഗകരെ നിയന്ത്രിക്കാൻ വ്യവസ്ഥ ഭേദഗതികൾ കൊണ്ടുവന്നിട്ടുണ്ടെന്ന് കമീഷൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.