മുംബൈ: തെരഞ്ഞെടുപ്പ് ചിഹ്നവും പാർട്ടി പേരും കൈവിട്ടതിനു പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനു നേരെ ആഞ്ഞടിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.''തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടിമയാണെന്നും ഒരിക്കലും ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. അടുത്ത തെരഞ്ഞെടുപ്പിന് ക്ഷമയോടെ തയാറെടുക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പാണ് ഉദ്ധവ് താക്കറെ സൂചിപ്പിച്ചത്.
പാർട്ടിയുടെ ചിഹ്നം കട്ടെടുത്ത കള്ളൻമാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. പാർട്ടിയുടെ പേരും ഉപയോഗിക്കാൻ അർഹത ഷിൻഡെ വിഭാഗത്തിനാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഉദ്ധവ് വിഭാഗത്തിന് വലിയ തിരിച്ചടിയായിരുന്നു.
യഥാർഥ ശിവസേനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അമ്പും വില്ലും ചിഹ്നം ഷിൻഡെ വിഭാഗത്തിന് നൽകിയത്. 1966ൽ ഉദ്ധവിന്റെ പിതാവ് ബാൽ താക്കറെയാണ് ശിവസേന സ്ഥാപിച്ചത്. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നത് സംബന്ധിച്ച് ഷിൻഡെ-ഉദ്ധവ് വിഭാഗങ്ങൾ സുപ്രീംകോടതിയിൽ പരാതി നൽകിയിരുന്നു.
തീരുമാനമെടുക്കുന്നതിനു മുമ്പ് സുപ്രീംകോടതി വിധി വരുന്നതു വരെ കാത്തുനിൽക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണിലാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ശിവസേനയിൽ പിളർപ്പുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.