മുംബൈ: മഹാരാഷ്ട്രയിൽ മതംമാറ്റ നിരോധന നിയമം അടക്കം 25 ഇന ‘സങ്കൽപ് പത്ര’വുമായി ബി.ജെ.പിയും ജാതി സെൻസസും പെൺകുട്ടികൾക്ക് സൗജന്യ ഗർഭാശയ അർബുദ പ്രതിരോധ വാക്സിനുമടക്കമുള്ള വാഗ്ദാനങ്ങൾ അടങ്ങിയ ‘മഹാരാഷ്ട്രനാമ’ യുമായി മഹാ വികാസ് അഘാഡിയും (എം.വി.എ).
നിർബന്ധിച്ചുള്ള മതംമാറ്റത്തിന് കടുത്ത വകുപ്പുകളുമായി നിയമം കൊണ്ടുവരും, വ്യവസായിക ആവശ്യത്തിന് അനുസരിച്ച് തൊഴിൽ മികവ് കണ്ടെത്താൻ സർവേ നടത്തും, സ്ത്രീകൾക്കുള്ള പ്രതിമാസ സാമ്പത്തിക സഹായം 1500ൽ നിന്ന് 2200 ആക്കി ഉയർത്തും, 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, 10 ലക്ഷം വിദ്യാർഥികൾക്ക് 10,000 രൂപ സ്റ്റൈപ്പന്റ് നൽകും, കുറഞ്ഞ വരുമാനക്കാർക്ക് സൗജന്യ റേഷൻ, സംസ്ഥാനത്തെ റോബേട്ടിക്, നിർമിത ബുദ്ധി ട്രെയിനിങ് ഹബ്ബാക്കും, 10 ലക്ഷം പുതിയ വ്യവസായ നായകരെ സൃഷ്ടിക്കും തുടങ്ങി 25 വാഗ്ദാനങ്ങളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുറത്തിറക്കിയ ബി.ജെ.പി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ.
മതത്തിന്റെ പേരിൽ സംവരണമില്ലെന്ന് അമിത് ഷാ മുംബൈയിലും ആവർത്തിച്ചു. അതേസമയം, രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ജാതിസെൻസസ്, സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ, സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യയാത്ര അടക്കമുള്ള വാഗ്ദാനങ്ങളുമായാണ് എം.വി.എയുടെ പ്രകടനപത്രിക. ഒമ്പതിനും 16നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് സൗജന്യ വാക്സിൻ.
ഓരോ സ്ത്രീക്കും ഒരു വർഷം 500 രൂപ നിരക്കിൽ ആറ് പാചക സിലണ്ടർ, 18 തികയുന്ന പെൺകുട്ടികൾക്ക് ലക്ഷം രൂപ, സ്വയംസഹായ സംഘങ്ങളെ ശക്തിപ്പെടുത്താനും കുട്ടികളുടെ ക്ഷേമത്തിനും പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് എം.വി.എയുടെ വാഗ്ദാനം.
ശരദ് പവാർ പക്ഷത്തെ സുപ്രിയ സുലെ, ഉദ്ധവ് പക്ഷ ശിവസേനയിലെ സഞ്ജയ് റാവുത്ത്, കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തിൽ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് മഹാ വികാസ് അഘാഡിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.