ത്രിപുരയിൽ ഗോത്രവർഗ പാർട്ടി ടിപ്ര മോതയുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപി നീക്കം പരാജയപ്പെട്ടു.ത്രിപുരയിലെ രാഷ്ട്രീയത്തിൽ കരുത്താർജിക്കുന്ന ഗോത്രവർഗ പാർട്ടി ടിപ്ര മോതയുമായി സഖ്യമുണ്ടാക്കാൻ കഴിയുന്നതോടെ ഭരണം നിലനിർത്താൻ എളുപ്പം കഴിയുമെന്നായിരുന്നു ബിജെപി കണക്ക് കൂട്ടൽ. സഖ്യത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇരുപാർട്ടികളും രണ്ടാംഘട്ട ലിസ്റ്റ് പുറത്തിറക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഭരണകക്ഷിയായ ബിജെപി-ഐപിഎഫ്ടി സഖ്യം, സിപിഎം-കോൺഗ്രസ് സഖ്യം, ടിപ്ര മോത, തൃണമൂൽ കോൺഗ്രസ് എന്നീ കക്ഷികളാണ് 60 അംഗ നിയമസഭയിലേക്ക് ഏറ്റുമുട്ടുന്നത്. ഇന്നലെയായിരുന്നു നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനം.
ബിജെപി ഭരണത്തിലെ സഖ്യകക്ഷിയായ ഇൻഡിജനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി), ടിപ്ര മോതയിൽ ലയിക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം പിൻമാറിയിരിക്കയാണ്. ഐപിഎഫ്ടിക്ക് അഞ്ച് സീറ്റുകളാണ് ബിജെപി നൽകിയത്. ബിജെപി 55 സീറ്റുകളിലാണ് മത്സരിക്കുന്നത്. ടിപ്ര മോത 42 സീറ്റുകളിലാണു മത്സരിക്കുന്നത്. പാർട്ടി തലവൻ പ്രദ്യോത് മാണിക്യ നാടകീയമായി മത്സരരംഗത്തു നിന്നു പിൻമാറി. 20 എസ്ടി സീറ്റുകളാണ് ടിപ്ര മോതയുടെ ശക്തികേന്ദ്രങ്ങൾ.
സിപിഎം-കോൺഗ്രസ് ധാരണയിലാണ് മത്സരിക്കുന്നതെങ്കിലും നാലിടത്ത് സൗഹൃദമത്സരം നടക്കും. 17 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ, സിപിഎം 43 സീറ്റുകളിലാണുള്ളത്. സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവർക്ക് ഓരോ സീറ്റ് വീതമാണ് നൽകിയ്. ഒരു സീറ്റ് സ്വതന്ത്രനാണുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.