അഹ്മദാബാദ്: പതിറ്റാണ്ടിന് ശേഷം ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചുവരവ്. ബി.ജെ.പി ശക്തികേന്ദ്രമായ ബനസ്കന്ത മണ്ഡലത്തിൽ ജെനിബെൻ താക്കോറാണ് 30,406 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
ബി.ജെ.പിയുടെ ഡോ. രേഖബെൻ ചൗധരിയെയാണ് സിറ്റിങ് എം.എൽ.എ ആയ ജെനിബെൻ താക്കോർ തോൽപ്പിച്ചത്. ഇവർ 6,71,883 വോട്ടുനേടിയപ്പോൾ ബി.ജെ.പിക്ക് 6,41,477 വോട്ടുമാത്രമാണ് ലഭിച്ചത്.
2014 ലും 2019ലും 26 ൽ 26 സീറ്റുകളും നേടിയ ബി.ജെ.പി ഇത്തവണയും നൂറുമേനി ലക്ഷ്യമിട്ടാണ് സ്ഥാനാർഥികളെ അണിനിരത്തിയത്. ജെന്നിബെന്റെ വിജയം കോൺഗ്രസിന് ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായകമാകും.
വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ഗുജറാത്തിൽ നാല് സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്തിരുന്നു. എന്നാൽ, അവസാന റൗണ്ടിൽ എത്തിയപ്പോഴേക്കും മുന്നേറ്റം ഒരുസീറ്റിൽ ഒതുങ്ങി. 2019-ൽ കോൺഗ്രസിൻ്റെ പാർഥി ഭട്ടോലിനെ 3,68,000 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർഥി പർബത് ഭായ് പട്ടേൽ പരാജയപ്പെടുത്തിയ മണ്ഡലമാണിത്. 2014ലെ തിരഞ്ഞെടുപ്പിലും ബനസ്‌കന്ത ബി.ജെ.പിയുടെ കോട്ടയായി നിലകൊണ്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. 2009ലാണ് ഗുജറാത്തിൽനിന്ന് അവസാനമായി കോൺഗ്രസ് എം.പിമാരുണ്ടായത്. അന്ന് 26ൽ 11 സീറ്റ് കോൺഗ്രസും 14 സീറ്റ് ബി.ജെ.പിയും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.