ഭുവനേശ്വർ: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തെ തുടർന്ന് ഒഡീഷയിലെ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ ബക്ത ചരൺ ദാസ് രാജിവെച്ചു. സംസ്ഥാനത്ത് പാർട്ടിക്കേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം നടത്തിയെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച രാജിക്കത്തിൽ ബക്ത ചരൺ വിവരിക്കുന്നു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒഡീഷയിൽ കനത്ത പരാജയമാണ് കോൺഗ്രസ് നേരിട്ടത്. ആകെയുള്ള 21 ലോക്സഭ സീറ്റുകളിൽ കോൺഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. ബി.ജെ.പി 20 സീറ്റിൽ വിജയിച്ചു. ബിജു ജനതാദളിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.
നിയമസഭയിലെ 147 സീറ്റിൽ 78 സീറ്റിൽ ജയിച്ച് ബി.ജെ.പി സംസ്ഥാനത്ത് ഭരണം പിടിച്ചു. കോൺഗ്രസിന് 14 സീറ്റുകളാണ് ലഭിച്ചത്. ഭരണത്തിലുണ്ടായിരുന്ന ബിജു ജനതാദൾ 51 സീറ്റുകളിലേക്ക് ചുരുങ്ങി. സി.പി.എം ഒരു സീറ്റിലും മറ്റുള്ളവർ 3 സീറ്റുകളിലും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.