ന്യൂഡൽഹി: ഇന്ന് സുപ്രധാന ദിനമാണെന്നും ഇന്ത്യയുടെ ശോഭനഭാവി രൂപപ്പെടുത്താനുള്ള തെരഞ്ഞെടുപ്പാണെന്നും ബി.ജെ.പി നേതാവ് അമിത് ഷാ. സുരക്ഷിതവും വികസിതവും സ്വയംപര്യാപ്തവുമായ രാജ്യം സൃഷ്ടിക്കാൻ ഒരു വോട്ടിന് കഴിയുമെന്നും അമിത് ഷാ എക്സിൽ കുറിച്ചു. 21 സംസ്ഥാനങ്ങളിലെ 102 ലോക്സഭ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം.
വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം അഴിമതി രഹിതവും സ്വജനപക്ഷപാത രഹിതവും പ്രീണന രഹിതവുമായ രാജ്യത്തിനായി ദൃഢനിശ്ചയമുള്ള, ശക്തമായ ഒരു നേതൃത്വത്തെ തെരഞ്ഞെടുക്കണം. വികസനം ത്വരിതപ്പെടുത്തുന്നതിനൊപ്പം അതിർത്തികളിൽ സുരക്ഷ ഉറപ്പാക്കുകയും പാവപ്പെട്ടവർക്ക് ആരോഗ്യം, പാർപ്പിടം, വൈദ്യുതി, പാചകവാതക സൗകര്യങ്ങൾ ലഭ്യമാക്കുകയും ഇന്ത്യയുടെ സംസ്കാരവും സാംസ്കാരിക ചിഹ്നങ്ങളും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു സർക്കാർ വരണമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിങ്ങിനാണ് ഇന്ന് തുടക്കമായത്. 21 സംസ്ഥാനങ്ങളിലെ 102 സീറ്റിലേക്കാണ് വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. അരുണാചൽ പ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ്
ആദ്യഘട്ട വോട്ടെടുപ്പ്, കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ്, ജമ്മു കശ്മീർ, പോണ്ടിച്ചേരി എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.