ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളുടെ വിൽപനയും പണമാക്കിമാറ്റലും സംബന്ധിച്ച് ബാങ്ക് ശാഖകൾക്ക് നൽകിയ നടപടിക്രമങ്ങളുടെ (സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജിയർ- എസ്.ഒ.പി) വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ഇതുസംബന്ധിച്ച് നൽകിയ വിവരാവകാശ അേപക്ഷക്ക് ‘വാണിജ്യപരമായ രഹസ്യ’ ങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്ന ഇളവ് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങൾ നൽകാനാവില്ലെന്ന് എസ്.ബി.ഐ അറിയിച്ചത്. ആക്ടിവിസ്റ്റായ അഞ്ജലി ഭരദ്വാജാണ് ഇതുസംബന്ധിച്ച് അപേക്ഷ നൽകിയത്.
ഇലക്ടറൽ ബോണ്ട് നടപടിക്രമങ്ങൾ സംബന്ധിച്ച് കാലാകാലങ്ങളിൽ നൽകിയ മാർഗനിർദേശങ്ങൾ ബാങ്കുകളുടെ ആഭ്യന്തരമായ കാര്യങ്ങൾക്ക് േവണ്ടിയുള്ളതാണെന്നും വിവരാവകാശ നിയമത്തിലെ 8(1)(ഡി) വകുപ്പ് പ്രകാരം വെളിപ്പെടുത്തേണ്ടതില്ലെന്നുമാണ് എസ്.ബി.ഐയുടെ കേന്ദ്ര വിവരാവകാശ ഓഫിസറും ഡെപ്യൂട്ടി ജനറൽ മാനേജരുമായ എം. കണ്ണ ബാബു നൽകിയ മറുപടി. മൂന്നാം കക്ഷിയുടെ മത്സരക്ഷമതയെ ദോഷകരമായി ബാധിക്കുന്ന വാണിജ്യ, വ്യാപാര രഹസ്യങ്ങൾ വെളിപ്പെടുത്തേണ്ടതില്ലെന്നും മറുപടിയിൽ പറയുന്നു.
പരമോന്നത കോടതി ഇലക്ടറൽ ബോണ്ട് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ഇതുസംബന്ധിച്ച മുഴുവൻ വിവരങ്ങളും വെളിപ്പെടുത്താൻ നിർദേശിക്കുകയും ചെയ്തശേഷവും എസ്.ബി.ഐ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് അഞ്ജലി ഭരദ്വാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.