ലഖ്നോ: ഉത്തർപ്രദേശിൽ വോട്ടിങ് യന്ത്രത്തിൽ വ്യാപക കൃത്രിമം നടന്നുവെന്നാരോപിച്ച് ബി.എസ്.പി നേതാവ് മായാവതി കോടതിയെ സമീപിക്കുന്നു.
സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇതിൽ പ്രതിഷേധിച്ച് എല്ലാ മാസവും 11ന് യു.പിയിൽ ജില്ല ആസ്ഥാനങ്ങളിലും മറ്റു സംസ്ഥാന ആസ്ഥാനങ്ങളിലും കരിദിനം ആചരിക്കുമെന്നും അവർ പറഞ്ഞു.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ യോഗം ചേരുന്നതിന് മുന്നോടിയായി വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അവർ. വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതേ തുടർന്നാണ് കോടതിയെ സമീപിക്കുന്നതെന്ന് മായാവതി പറഞ്ഞു.
പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഇതേ രീതി ആവർത്തിച്ചിരുന്നെങ്കിൽ ജനങ്ങളോട് ബി.ജെ.പിക്ക് വ്യക്തമായ മറുപടി പറയാനാകില്ല. കള്ളക്കളി എളുപ്പം പിടിക്കപ്പെടും. കേന്ദ്രത്തിൽ അധികാരം നിലനിർത്തണമെങ്കിൽ യു.പി പിടിക്കണം. അതിനാലാണ് ഇവിടെ ഇത്രയും തട്ടിപ്പ് പുറത്തെടുത്തത്. ചിന്തിച്ചാൽ മാധ്യമങ്ങൾക്കും ബി.ജെ.പി വിജയത്തിലെ കാപട്യം മനസ്സിലാകുമെന്നും മയാവതി പറഞ്ഞു. 2012ലെ തെരഞ്ഞെടുപ്പിൽ 80 എം.എൽ.എമാരുണ്ടായിരുന്ന ബി.എസ്.പിക്ക് ഇത്തവണ 19 പേരെ ജയിപ്പിക്കാനേ കഴിഞ്ഞുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.