ന്യൂഡൽഹി/മുംബൈ: പുണെയില്‍ ദലിതുകളും സവര്‍ണരും ഏറ്റുമുട്ടിയ ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ പൊലീസ് വേട്ട. ഡല്‍ഹി, ഹൈദരാബാദ്, റാഞ്ചി, ഗോവ, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ച് പുണെ പൊലീസ് അറസ്റ്റ് ചെയ്തു. ചിലർക്കെതിരെ കരിനിയമമായ യു.എ.പി.എ ചുമത്തി. അറസ്റ്റിലായവരിൽ പ്രമുഖ അഭിഭാഷക സുധ ഭരദ്വാജ്, മാർക്സിസ്റ്റ് എഴുത്തുകാരനും കവിയുമായ വരവര റാവു, സാമൂഹിക പ്രവർത്തകരായ അരുൺ ഫെറാറിയ, വെർണോൻ ഗോൺസാൽവസ്, ഗൗതം നവ്ലഖ എന്നിവരുൾപ്പെടുന്നു.
കഴിഞ്ഞ ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ സംഘടിപ്പിച്ച ദലിതുകളുടെ മഹാസംഗമത്തിലാണ് സംഘർഷമുണ്ടായത്. പരിപാടിയിൽ നുഴഞ്ഞുകയറി ഹിന്ദുത്വ പാർട്ടികൾ നടത്തിയ അക്രമം വലിയ സംഘർഷത്തിനും രാജ്യവ്യാപക പ്രതിഷേധത്തിനും കാരണമായിരുന്നു. ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിഷ്ഠാൻ ഹിന്ദുസ്ഥാൻ നേതാവ് സംഭാജി ഭിഡെയുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കുഴപ്പമുണ്ടാക്കിയതെങ്കിലും അവർക്കെതിരെ മഹാരാഷ്ട്ര പൊലീസ് നടപടിക്ക് തയാറായിരുന്നില്ല. പിന്നീട് മാവോവാദികളാണ് ദലിത് സംഗമത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, എഴുത്തുകാർ എന്നിവരെ പൊലീസ് വേട്ടയാടാൻ തുടങ്ങിയത്.
ഗോൺസാൽവസിനെയും ഫെറാറിയയെയും മുംബൈയിലും ഗൗതം നവ്ലഖയെ ഡൽഹിയിലും സുധ ഭരദ്വാജിനെ ഫരീദാബാദിലും വരവര റാവുവിനെ ഹൈദരാബാദിലുമാണ് അറസ്റ്റ് ചെയ്തത്. ഇതു കൂടാതെ സന്യാസിയായ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ റാഞ്ചിയിലെ വസതിയിലും വരവര റാവുവിെൻറ മക്കളുടെ ഹൈദരാബാദിലെ വീടുകളിലും ആനന്ദ് ടെൽടുംബ്ഡെയുടെ ഗോവയിലെ വീട്ടിലും പരിശോധന നടത്തി.
വീട്ടുടമസ്ഥരുടെ അസാന്നിധ്യത്തിൽ സുരക്ഷാ ജീവനക്കാരിൽനിന്ന് താക്കോൽ വാങ്ങിയാണ് ചീല വീടുകളിൽ റെയ്ഡ് നടത്തിയത്. സുധ ഭരദ്വാജിനെ കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി യു.എ.പി.എ ചുമത്തി. ഡൽഹിയിൽനിന്ന് അറസ്റ്റിലായ നവ്ലാഖ, തന്നെ പുണെയിലേക്ക് കൊണ്ടുപോകാനുള്ള മഹാരാഷ്ട്ര മജിസ്ട്രേറ്റിെൻറ ഉത്തരവിനെതിരെ ഡൽഹി ഹൈകോടതിയെ സമീപിച്ചു. നക്സൽ ബന്ധം ആരോപിച്ച് അറസ്റ്റിലായി 2012ൽ കുറ്റവിമുക്തനായ അഭിഭാഷകനാണ് ഫെറാറിയ.
ഭീമ കൊറേഗാവ് സംഘര്‍ഷ കേസില്‍ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സി.ആര്.പി.പിയുടെ പ്രവര്ത്തകന് മലയാളി റോണ വില്‍സണ്‍ ഉൾപ്പെടെ അഞ്ചു പേരെ ജൂണ്‍ ആറിന് പുണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെയും ഇവരില്‍നിന്ന് കണ്ടെത്തിയ ഇ-മെയിലുകളുടെയും അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ദലിത് മാസികയുടെ പത്രാധിപരായ സുധിര്‍ ധാവ്ലെ, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പീപ്ള്‍സ് ലോയേഴ്സിെൻറ സുരേന്ദ്ര ഗാഡ്ലിങ്, നാഗ്പുര്‍ സര്‍വകലാശാല പ്രഫ. ഷോമ സെന്‍, മഹേഷ് റാവുത് എന്നിവരാണ് ജൂണില്‍ റോണ വില്‍സണൊപ്പം അറസ്റ്റിലായത്.
ഇവര്‍ മാവോവാദികളാണെന്നും ഇവരില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതിയുടെ കരട് രൂപം കിട്ടിയതായും പൊലീസ് അറിയിച്ചിരുന്നു. അരുണ്‍ പെരേരയും വെര്‍നന്‍ ഗോണ്‍സാല്‍വസും നേരത്തേ അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കിവരുകയായിരുന്നു. ഇവര്‍ മാവോ വാദത്തിെൻറ പേരില്‍ മുമ്പും അറസ്റ്റിലായിരുന്നു. പിന്നീട് കുറ്റമുക്തരായി. റെയ്ഡിനെതിരെ രംഗത്തുവന്ന പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.