ന്യൂഡൽഹി: എല്ലാ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്നും മുഖ്യ ഉപദേഷ്ടാക്കൾ എന്ന നിലയിലുള്ള തങ്ങളുടെ പേരുകൾ നീക്കം ചെയ്യണമെന്ന് എൻ.സി.ഇ.ആർ.ടിയോട് ആവശ്യപ്പെട്ട് രാഷ്ട്രീയ നിരീക്ഷകരായ യോഗേന്ദ്ര യാദവും സുഹാസ് പൽഷിക്കറും. മുഖ്യ ഉപദേഷ്‍ടാക്കളെന്ന പദവിയിൽ തങ്ങൾ ലജ്ജിക്കുന്നതായും ഇരുവരും എൻ.സി.ഇ.ആർ.ടിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കി. പാഠപുസ്തകങ്ങളിൽ നിന്ന് ഏകപക്ഷീയമായും യുക്തി രഹിതമായും ചില നേതാക്കളെ വെട്ടിമാറ്റുന്നത് പുസ്തകങ്ങളെ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതവും അക്കാദമികമായി പ്രവർത്തന രഹിതമാക്കുകയും ചെയ്യുന്നായും ഇരുവരും അഭിപ്രായപ്പെട്ടു.
അതേസമയം, ഒരു പ്രത്യേക വിഷയത്തെ കുറിച്ചുള്ള അറിവിന്റെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് സ്കൂൾ തലത്തിൽ പാഠപുസ്തകങ്ങൾ വികസിപ്പിച്ചെടുത്തതെന്ന് എൻ.സി.ഇ.ആർ.ടി വ്യക്തമാക്കി.
തങ്ങളോട് ഒരിക്കൽ പോലും ആലോചിക്കാതെയാണ് പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിനിരത്തലുകളുണ്ടായത്. ഈ തിരുത്തലുകൾ വരുത്തുന്നതിന് മുമ്പ് വിദഗ്ധരുമായി കൂടിയാലോചിച്ചാണെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വാദം. ഈ വിദഗ്ധരോടും ഞങ്ങൾ ശക്തമായി വിയോജിക്കുന്നുവെന്നും ഇരുവരും കത്തിൽ വ്യക്തമാക്കി.
ദേശീയ പാഠ്യപദ്ധതിയുടെ 2005 പതിപ്പിനെ അടിസ്ഥാനമാക്കി 2006-07ൽ പ്രസിദ്ധീകരിച്ച ഒമ്പതു മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളായിരുന്നു അക്കാദമിഷ്യനും പൊളിറ്റിക്കൽ സയന്റിസ്റ്റുമായ പൽഷിക്കറും പൊളിറ്റിക്കൽ സയന്റിസ്റ്റും സ്വരാജ് ഇന്ത്യയുടെ നേതാവുമായ യാദവും. പാഠപുസ്തകത്തിന്റെ ആമുഖത്തിലാണ് ഇവരുടെ പേരുകൾ രേഖപ്പെടുത്തിയത്.
വികലമായും അക്കാദമിക തലത്തിൽ ഒരു ഗുണവുമില്ലാത്ത രീതിയിൽ തയാറാക്കപ്പെട്ട പാഠപുസ്തകങ്ങളുടെ മുഖ്യ ഉപദേഷ്ടാക്കളായി തങ്ങളെ പരാമർശിക്കുന്നത് ലജ്ജ തോന്നുന്നു. അതിനാൽ എല്ലാ വിയോജിപ്പും രേഖപ്പെടുത്തിക്കൊണ്ടു തന്നെ ഈപേരുകൾ ഒഴിവാക്കാൻ ആവശ്യപ്പെടുകയാണെന്നും ഇരുവരും കത്തിൽ സൂചിപ്പിച്ചു.
ഹിന്ദു മതമൗലിക വാദികൾ മഹാത്മാ ഗാന്ധിയെ വധിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹത്തിന്റെ മരണ ശേഷം ആർ.എസ്.എസിനെ നിരോധിച്ചുവെന്നുമുള്ള ഭാഗങ്ങളാണ് പാഠപുസ്തകങ്ങളിൽ നിന്ന് നീക്കംചെയ്തത്. അതോടൊപ്പം 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പരാമർശങ്ങളും ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.