ലോക്സഭയിലെ മുൻ സുരക്ഷാ ഡെപ്യൂട്ടി ഡയറക്ടറെ കബളിപ്പിച്ച് കോടികൾ തട്ടി ബാങ്ക് ഉദ്യോഗസ്ഥൻ

ഗുരുഗ്രാം: ലോക്‌സഭയിലെ സുരക്ഷാ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചയാളിൽ നിന്ന് മ്യൂച്വൽ ഫണ്ടുകളിലും ഷെയറുകളിലും നിക്ഷേപം നടത്തിയെന്ന വ്യാജേന കോടികൾ പറ്റിച്ച് ബാങ്ക് ഉദ്യോഗസ്ഥൻ. ഗുരുഗ്രാമിലെ സെക്ടർ 43-ൽ താമസിക്കുന്ന ബി.എൽ അഹൂജ (83)യാണ് പറ്റിക്കപ്പെട്ടത്. 2000 നവംബറിൽ ലോക്‌സഭയിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായാണ് (സെക്യൂരിറ്റി) അഹൂജ വിരമിച്ചത്.

ആക്‌സിസ് ബാങ്ക് ജീവനക്കാരനായ അഭിഷേക് മഹേശ്വരിയും ഭാര്യയും ചേർന്നാണ് അഹൂജയെ വഞ്ചിച്ചതെന്ന് പരാതിയിൽ പറയുന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 2013ൽ ഐ.സി.ഐ.സി.ഐ ബാങ്കിൽ ജോലി ചെയ്തിരുന്ന കാലം മുതൽ അഹൂജക്ക് അഭിഷേക് മഹേശ്വരിയെ അറിയാമായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പണം ബാങ്കിൽ സൂക്ഷിക്കുന്നതിന് പകരം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ മഹേശ്വരി അഹൂജയെ ഉപദേശിക്കുകയായിരുന്നു. ഈ ഉപദേശം സ്വീകരിച്ച് 2018-ൽഅഭിഷേകിന് രണ്ടു ചെക്കുകളായി ഒരു കോടി രൂപ നൽകി. 2019 മാർച്ചിൽ വിപ്രോയുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിനായി 30 ലക്ഷം രൂപയുടെ മറ്റൊരു ചെക്കും അഭിഷേകിന് നൽകിയെന്ന് അഹൂജ പറഞ്ഞു.

യു.എസിൽ താമസിക്കുന്ന അഹൂജയുടെ മകൻ അഭിഷേകിനോട് നിക്ഷേപങ്ങളുടെ സ്ഥിതിയെക്കുറിച്ച് പലതവണ ചോദിച്ചു. ചോദ്യം തുടർന്നപ്പോൾ അഭിഷേക് നിക്ഷേപങ്ങളുടെ വ്യാജ രേഖകൾ നൽകി.

2021 ഏപ്രിലിൽ കോവിഡ് സമയത്ത് മകൻ നാട്ടിലെത്തി. സാമ്പത്തിക കാര്യങ്ങൾ മകൻ കൈകാര്യം ചെയ്യാൻ തുടങ്ങി. തുടർന്ന് റീട്ടെയിൽ ബ്രോക്കറേജ് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റുകളും മറ്റും ലഭ്യമാക്കാൻ മകൻ അഭിഷേകിനോട് വീണ്ടും ആവശ്യപ്പെട്ടു. എന്നാൽ വ്യാജ വാഗ്ദാനങ്ങൾ നൽകുകയായിരുന്നുവെന്ന് അഹൂജ ആരോപിച്ചു.

അഹൂജയുടെ മകൻ പിന്നീട് വിപ്രോയുടെ പ്രാദേശിക ഓഫീസുമായി ബന്ധപ്പെടുകയും അഭിഷേകും ഭാര്യ അർച്ചനയും ഒരു സബ് ബ്രോക്കറേജ് ഓഫീസ് നടത്തുന്നുണ്ടെന്ന് മനസിലാക്കുകയും ചെയ്തു. അഹൂജയുടെ ഫോണിൽ നിന്ന് ഒറ്റത്തവണ പാസ്‌വേഡ് ലഭ്യമാക്കിയ അഭിഷേക് അക്കൗണ്ട് സ്വയം നിയന്ത്രിക്കുകയായിരുന്നു. ഇതോടെയാണ് അഹൂജ പരാതി നൽകിയത്.

ദമ്പതികൾക്കെതിരെ വഞ്ചന, മൂല്യമേറിയ ഉത്പന്നങ്ങൾക്ക് വ്യാജരേഖ ചമക്കൽ, വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ, വ്യാജ രേഖ ഉപയോഗിക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നിവ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Employee At Top Bank, Wife Duped Ex Senior Lok Sabha Official Of Crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.