ന്യൂഡൽഹി: കവിയും ചെറുകഥാകൃത്തും മുൻ ഐ.പി.എസ് ഓഫിസറുമായ കേക്കി എൻ. ദാരുവല്ല അന്തരിച്ചു. രാജ്യത്തെ ഇംഗ്ലീഷ് സാഹിത്യകാരന്മാരിൽ പ്രമുഖനായിരുന്ന ദാരുവല്ലക്ക് 87 വയസ്സുണ്ടായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ന്യൂമോണിയയെ തുടർന്നാണ് മരിച്ചതെന്ന് മക്കൾ അനാഹിത കപാഡിയയും റൂക്ക് വെയ്നും അറിയിച്ചു. ഖാൻ മാർക്കറ്റിന് സമീപത്തെ പാഴ്സി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
കർമരംഗത്തേക്കാൾ സാഹിത്യത്തിലാണ് ദാരുവല്ല കൂടുതൽ അറിയപ്പെട്ടത്. 1970ൽ പ്രസിദ്ധീകരിച്ച അണ്ടർ ഓറിയോൺ ആയിരുന്നു ആദ്യ കവിത സമാഹാരം. ദ കീപ്പർ ഓഫ് ദ ഡെഡ് എന്ന സമാഹാരത്തിന് 1984ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2015ൽ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് പുരസ്കാരം തിരിച്ചുനൽകി. 2014ൽ പത്മശ്രീ ലഭിച്ചു. കഴിഞ്ഞവർഷം എഴുതിയ ലാൻഡ്ഫാൾ ആണ് അവസാന കൃതി. ഈ വർഷം ദാരുവല്ലയുടെ സാഹിത്യ ജീവിതവുമായി ബന്ധപ്പെട്ട് കേന്ദ്ര സാഹിത്യ അക്കാദമി പുസ്തകം ഇറക്കിയിരുന്നു.
1937 ജനുവരി 24ന് ലാഹോറിലാണ് ജനിച്ചത്. 1958ൽ യു.പി കേഡറിൽ ഐ.പി.എസ് കിട്ടി. സ്പെഷൽ അസിസ്റ്റന്റായി പ്രധാനമന്ത്രിയായിരുന്ന ചരൺ സിങ്ങിന്റെ സ്റ്റാഫിലുണ്ടായിരുന്നു. പിന്നീട് ഐ.പി.എസ് രാജിവെച്ച് റോയിലേക്ക് മാറി. റോയുടെ സെക്രട്ടറി പദവിവരെയെത്തി. 2011 മുതൽ 14 വരെ ദേശീയ ന്യുനപക്ഷ കമീഷൻ അംഗമായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.