ന്യൂഡൽഹി: വിവിധ തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ച് സാമൂഹിക സുരക്ഷാ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വീണ്ടും പാളി. തൊഴിലാളികളുടെ കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന പരിഷ്കരിച്ച തൊഴിൽസുരക്ഷാ പദ്ധതി ഇൗ സാഹചര്യത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് നിയമമാകാൻ സാധ്യത മങ്ങി.
തൊഴിൽ മന്ത്രാലയം ചൊവ്വാഴ്ച വിളിച്ച ബന്ധപ്പെട്ടവരുടെ കൂടിയാലോചന യോഗം മിക്ക തൊഴിലാളി സംഘടനകളും ബഹിഷ്കരിച്ചു. ഭരണപക്ഷ സംഘടനയായ ബി.എം.എസ് വിവിധ വ്യവസ്ഥകളോട് കടുത്ത എതിർപ്പ് അറിയിച്ചു. മൂന്നാഴ്ച മാത്രം നീളുന്ന ശീതകാല പാർലമെൻറ് സമ്മേളനത്തിൽ സമവായ വഴിയുണ്ടാക്കി ബിൽ പാസാക്കിയെടുക്കാൻ സർക്കാറിനു മുന്നിൽ സമയമില്ല. ഇ.പി.എഫ്, ഇ.എസ്.െഎ പദ്ധതികൾകൂടി ലയിപ്പിച്ച് സാമൂഹിക സുരക്ഷാ കോഡ് നടപ്പാക്കുന്നതിൽനിന്ന് പിന്മാറാൻ കേന്ദ്രം നേരേത്ത നിർബന്ധിതമായിരുന്നു. അതോടെ പുതുക്കിയ സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കാൻ സർക്കാർതന്നെ ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. സാമ്പത്തിക മാന്ദ്യത്തിനിടയിൽ പുതിയ ബാധ്യത ഏറ്റെടുക്കാൻ സർക്കാറിനാകെട്ട താൽപര്യമില്ല.
14 തൊഴിൽ നിയമങ്ങൾ ഒന്നിച്ചുചേർക്കുന്ന സാമൂഹിക സുരക്ഷാ കോഡിെൻറ വിവിധ വശങ്ങളെക്കുറിച്ച് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചുവെന്ന് വരുത്താനുള്ള ശ്രമം മാത്രമാണ് ചൊവ്വാഴ്ച നടന്നത്. ഇത്തരമൊരു യോഗത്തിൽ പദ്ധതി സംബന്ധിച്ച വ്യക്തമായ തീരുമാനമൊന്നും ഉണ്ടാവുക പതിവില്ല. തൊഴിലാളി യൂനിയനുകൾ കൂട്ടത്തോടെ എതിർക്കുന്ന പശ്ചാത്തലം സർക്കാറിന് കണക്കിലെടുക്കാതെയും വയ്യ. തൊഴിലാളി സുരക്ഷാ പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള ചർച്ചകൾ സർക്കാറിലുണ്ട്. എന്നാൽ, പുതുക്കിയ വ്യവസ്ഥകളിൽ തൊഴിലാളി സംഘടനകൾ പല പോരായ്മകളും ചൂണ്ടിക്കാട്ടുന്നു.
സാർവത്രിക പരിരക്ഷ കിട്ടുന്നില്ല, സാമൂഹിക സുരക്ഷാ നിധി തൊഴിലുടമയെ ആശ്രയിച്ചാണ് തുടർന്നും നിലനിൽക്കുന്നത്, തൊഴിൽ നിയമത്തിൽ സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള പഴുതു നൽകുന്ന ചട്ടം അതേപടി നിലനിൽക്കുന്നു തുടങ്ങിയവ അതിൽ ചിലതാണ്. സംഘടിത, അസംഘടിത മേഖലയെ തരംതിരിക്കുന്ന നിർവചനത്തിൽ വലിയ പിഴവുണ്ടെന്നും തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഗ്രാറ്റ്വിറ്റി കിട്ടാനുള്ള ചുരുങ്ങിയ സേവനകാലം അഞ്ചിൽനിന്ന് ഒരു വർഷമാക്കി കുറക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. കൂടുതൽ തൊഴിലാളികളെ സാമൂഹിക പരിരക്ഷക്കു കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുവെന്ന് കാണിക്കുന്ന വഴിപാടുചർച്ച അർഥശൂന്യമാണെന്ന് സി.െഎ.ടി.യു നേതാവ് എ.കെ. പത്മനാഭൻ പറഞ്ഞു. പുതിയ കോഡിലും പഴയ വ്യവസ്ഥകളുടെ അപാകത തുടരുകയാണെന്നും തിരുത്തിയേ തീരൂ എന്നും ബി.എം.എസ് നേതാവ് സജി നാരായണൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.