ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തതിൽ വിയോജിപ്പിന്‍റെ സ്വരമുയർത്തി അമേരിക്ക. കെജ്രിവാളിന്‍റെ അറസ്റ്റ് സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ന്യായയുക്തവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികളാണ് ആഗ്രഹിക്കുന്നതെന്നും യു.എസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനുള്ള മറുപടിയിലാണ് ഇക്കാര്യം പറഞ്ഞത്.
നീതിപൂർവകവും വിവേചനരഹിതവുമായ വിചാരണക്ക് കെജ്രിവാളിന് അവകാശമുണ്ടെന്ന് നേരത്തെ ജർമനി പ്രതികരിച്ചിരുന്നു. നിലവിലെ എല്ലാ നിയമപരമായ മാർഗങ്ങളും തടസ്സമില്ലാതെ ഉപയോഗപ്പെടുത്താനുള്ള അവകാശവും അതിൽ ഉൾപ്പെടുന്നുവെന്നും ജർമനി വ്യക്തമാക്കി. പരാമർശത്തിൽ ഡൽഹിയിലെ ജർമൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി കേന്ദ്രസർക്കാർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണിതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. തൊട്ടു പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം വന്നത്.
അതേസമയം, അറസ്റ്റിനും ഇ.ഡി കസ്റ്റഡിക്കുമെതിരെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹരജി ഡൽഹി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും. വ്യാഴാഴ്ച വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിന്‍റെ പേരിൽ രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് കസ്റ്റഡിയിൽനിന്ന് ഡൽഹി ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് ഉത്തരവുകൾ ഇതിനകം കെജ്രിവാൾ ഇറക്കി. കെജ്രിവാളിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പ്രവർത്തകർ ചൊവ്വാഴ്ച തെരുവിലിറങ്ങി. കെജ്രിവാൾ രാജിവെക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയും സമരത്തിനിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.