ന്യൂഡൽഹി: എൻഡോസൾഫാൻ നഷ്ടപരിഹാര പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട കാസർകോ ട് ജില്ലയിലെ നാല് പേർക്ക് അഞ്ചുലക്ഷം വീതം നൽകാൻ സുപ്രീംകോടതിയുടെ സുപ്രധാന ഉ ത്തരവ്. സുപ്രീംകോടതി വിധിയുണ്ടായിട്ടും സംസ്ഥാന സർക്കാർ മാറ്റിനിർത്തിയ കാസർകോട് ജില്ലയിലെ 4053 എൻഡോസൾഫാൻ ഇരകൾക്കുകൂടി അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം കിട്ടാൻ വഴിയൊരുക്കുന്നതാണ് ചൊവ്വാഴ്ചത്തെ ചരിത്രവിധി.
പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട ഇരകളുടെ അമ്മമാർ സംസ്ഥാന സർക്കാറിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന ബെഞ്ചിെൻറ ഉത്തരവ്. കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ അഫ്സലിെൻറ മാതാവ് ജമീല, അർച്ചനയുടെ മാതാവ് രമ്യ, മുളിയാർ പഞ്ചായത്തിലെ വിജയലക്ഷ്മിയുടെ അമ്മ മാധവി, കോഡോംബേളൂർ പഞ്ചായത്തിലെ നിഷയുടെ മാതാവ് സിസിലി എന്നിവരാണ് അഡ്വ. കാളീശ്വരം രാജ് മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ഇവർക്ക് രണ്ട് മാസത്തിനകം സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപവീതം നൽകണമെന്ന് സുപ്രീംകോടതി വിധിച്ചു. സമയപരിധിക്കകം തുക നൽകിയില്ലെങ്കിൽ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി വിധി നടപ്പാക്കിയെന്നും യഥാർഥ ഇരകളായവർക്കെല്ലാം നഷ്ടപരിഹാരം നൽകിയെന്നുമുള്ള സംസ്ഥാന സർക്കാറിെൻറ വാദം ബെഞ്ച് തള്ളി. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി വിധിച്ച ശേഷം അവരുടെ പട്ടികയിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമില്ലെന്ന് ബെഞ്ച് ഒാർമിപ്പിച്ചു. എല്ലാ ഇരകൾക്കും നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി വിധി പ്രകാരം 6722 ദുരിതബാധിതർക്ക് അഞ്ചുലക്ഷം വീതം നഷ്ടപരിഹാരം നൽകണമായിരുന്നു. എന്നാൽ, ഇരകളുടെ എണ്ണം വെട്ടിക്കുറച്ച് 1350 പേർക്ക് അഞ്ച് ലക്ഷവും 1315 പേർക്ക് മൂന്ന് ലക്ഷവും വീതം കൊടുത്ത് ബാക്കിയുള്ള 4057 പേരെ പട്ടികയിൽനിന്ന് പുറത്താക്കുകയുമായിരുന്നു. ഇതിൽപ്പെട്ട നാല് കുടുംബങ്ങളെ എൻഡോസൾഫാൻ സമര സമിതിയുടെ മുൻകൈയിലാണ് സുപ്രീംകോടതിയിലെത്തിച്ചത്.
നഷ്ടപരിഹാര വിധി വന്നശേഷം ഇരകളുടെ പട്ടിക പുനഃക്രമീകരിച്ചത് സുപ്രീംകോടതി തള്ളിക്കളഞ്ഞതോടെ ഇവർക്ക് പുറമെ 4053 ഇരകൾക്കും അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നൽകേണ്ടിവരും. സംസ്ഥാന സർക്കാർ മൂന്നുലക്ഷം മാത്രം നൽകിയ 1315 പേർക്ക് ബാക്കി രണ്ട് ലക്ഷവും കൊടുക്കേണ്ടതായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.