ന്യൂഡൽഹി: യു.എ.പി.എ കേസിൽ തടവിലിരിക്കെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച കശ്മീരിലെ ബാരാമുല്ല എം.പി എൻജിനീയർ റാഷിദിന് സത്യപ്രതിജ്ഞക്ക് വഴിയൊരുങ്ങുന്നു. മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന വ്യവസ്ഥയിൽ അദ്ദേഹത്തിന് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കാമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിങ്കളാഴ്ച പ്രത്യേക കോടതിയെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ അഡീഷനൽ സെഷൻസ് ജഡ്ജി ചാന്ദർജിത് സിങ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിക്കും. ജൂലൈ അഞ്ചിന് സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞയുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും ഒരുദിവസംകൊണ്ട് പൂർത്തിയാക്കണം.
സത്യപ്രതിജ്ഞ ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന റാഷിദിന്റെ അപേക്ഷയിൽ ജൂൺ 22ന് പ്രത്യേക കോടതി എൻ.ഐ.എയുടെ പ്രതികരണം തേടിയിരുന്നു. പാർലമെന്റ്, ജയിൽ അധികൃതരുമായി വിഷയം ചർച്ച ചെയ്തശേഷമാണ് എൻ.ഐ.എ സമ്മതം അറിയിച്ചത്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുകയാണ് റാഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.