ന്യൂഡല്‍ഹി: രാജ്യമെമ്പാടുമുയര്‍ന്ന പ്രതിഷേധത്തിനിടയിലും പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ വിവാദ ഭേദഗതികളിലുറച്ചുനില്ക്കുമെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍. വിവാദ കരട് വിജ്ഞാപനത്തെ ന്യായീകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ രംഗത്തുവന്നു. എന്നാല്‍, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി എം.പിയും മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശും മോദി സര്‍ക്കാറിനെ കടന്നാക്രമിച്ചു. അതേസമയം, പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടനകളും കൂട്ടായ്മകളും വനം-പരിസ്ഥിതി മന്ത്രാലയത്തിന് അയച്ച ആവലാതികളുടെ ആധിക്യംമൂലം ഇ-മെയില്‍ സ്വീകരിക്കാതായതോടെ ആയിരങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാനായില്ല.
കരട് വിജ്ഞാപനത്തിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ഒരു ദിവസം മാത്രമാണ് അവശേഷിക്കുന്നത്.രാജ്യത്തെ കൊള്ളയടിക്കാനുള്ളതാണ് കരട് വിജ്ഞാപനമെന്നും സൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ ഏതറ്റംവരെ പോകുമെന്നതിെൻറ തെളിവാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം കൊള്ളയടിക്കുന്നതും പരിസ്ഥിതിക്കു വരുത്തുന്ന നാശവും തടയാന്‍ വിവാദ വിജ്ഞാപനം പിന്‍വലിക്കണം. മന്ത്രാലയത്തിന് നേരേത്ത കത്തുകളെഴുതിയ രാജ്യസഭ എം.പി ബിനോയ് വിശ്വവും കരട് വിജ്ഞാപനത്തിനെതിരെ പ്രസ്താവനയിറക്കി.
അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് വിമര്‍ശനങ്ങള്‍ അവഗണിച്ച് ആക്ഷേപവുമായി കേന്ദ്രമന്ത്രി രംഗെത്തത്തിയത്. രാഹുലിെൻറ വിമര്‍ശനം അപക്വവും അനാവശ്യവുമാണെന്ന് വിശേഷിപ്പിച്ച പ്രകാശ് ജാവ്ദേക്കര്‍ ആയിരക്കണക്കിന് നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിക്കുമെന്നും പ്രതികരിച്ചു.എന്നാല്‍, ജാവ്ദേക്കറുടെ മറുപടി വസ്തുതകള്‍ വളച്ചൊടിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കി തിങ്കളാഴ്ച ജയറാം രമേശ് കത്തെഴുതി. ട്വിറ്ററിലൂടെ പുറത്തുവിട്ട കത്തിന് ട്വീറ്റിലൂടെ പ്രതികരിച്ച ജാവ്ദേക്കര്‍ക്ക് ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.
ചട്ടപ്രകാരം 60 ദിവസമാണ് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയമെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ 150 ദിവസം നല്‍കിയെന്ന് ജാവ്ദേക്കര്‍ പറഞ്ഞു. എല്ലാ കാഴ്ചപ്പാടുകളും പരിശോധിച്ചശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറത്തിറക്കൂ എന്നും ജാവ്ദേക്കര്‍ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.