ചെന്നൈ: അടച്ചുപൂട്ടി മുദ്രവെച്ച അണ്ണാ ഡി.എം.കെ ആസ്ഥാന കേന്ദ്രമായ 'എം.ജി.ആർ മാളികൈ' തുറന്നു തരണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി മദ്രാസ് ഹൈകോടതിയെ സമീപിച്ചു. ഹരജി ബുധനാഴ്ച പരിഗണിക്കുമെന്ന് ജസ്റ്റിസ് സതീഷ് കുമാർ അറിയിച്ചു. പിന്നീട് ഇതേ ആവശ്യമുന്നയിച്ച് ഒ.പി.എസ് വിഭാഗവും ഹരജി സമർപ്പിച്ചു. യഥാർഥ അണ്ണാ ഡി.എം.കെ തങ്ങളാണെന്ന് ഇരുവിഭാഗങ്ങളും തങ്ങളുടെ ഹരജികളിൽ അവകാശവാദമുന്നയിച്ചു.
പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ഒ. പന്നീർശെൽവത്തെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഒ. പന്നീർശെൽവവും എടപ്പാടി പളനിസാമിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമി തെരഞ്ഞെടുക്കപ്പെട്ടതുൾപ്പെടെ ജനറൽ കൗൺസിൽ യോഗ തീരുമാനങ്ങൾ ഇതിനകം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ചു.
പാർട്ടി നിയമാവലി മറികടന്നാണ് ജനറൽ കൗൺസിൽ വിളിച്ചുകൂട്ടിയതെന്നും യോഗം പാസാക്കിയ തീരുമാനങ്ങൾ അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ട് ഒ. പന്നീർശെൽവവും തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകി. സുപ്രീംകോടതിയെ സമീപിക്കാനും ഒ. പന്നീർശെൽവം തീരുമാനിച്ചിട്ടുണ്ട്. അതിനിടെ, അണ്ണാ ഡി.എം.കെയിലെ ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ കേസുകൾ നിലനിൽക്കുന്നതിനാൽ നിയമസഭ സംവിധാനത്തിൽ മാറ്റംവരുത്തരുതെന്ന് ആവശ്യപ്പെട്ട് ഒ. പന്നീർശെൽവം തമിഴ്നാട് സ്പീക്കർക്ക് കത്ത് നൽകി.
പാർട്ടി ട്രഷറർ സ്ഥാനത്തുനിന്ന് ഒ.പി.എസിനെ നീക്കി ഡിണ്ടുഗൽ ശ്രീനിവാസനെ നിയമിച്ചതായി എടപ്പാടി വിഭാഗം ബാങ്കുകൾക്ക് കത്തയച്ചു. എന്നാൽ, ഇതംഗീകരിക്കേണ്ടതില്ലെന്ന് ഒ.പി.എസും ബാങ്കുകളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.