ഹൈദരാബാദ്: ഇത്തിഹാദ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാരന് 1.11 ലക്ഷം രൂപ നൽകാൻ ഉത്തരവ്. ഹൈദരാബാദിൽ നിന്നും ദുബൈ വഴി ന്യൂയോർക്കിലേക്കുള്ള വിമാനം റദ്ദാക്കിയതിലാണ് പണം നൽകാൻ ഉപഭോക്തൃ ഫോറം ഉത്തരവിട്ടത്. യാത്രക്കാരന് റീഫണ്ടോ, മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിനൽകുകയോ ചെയ്യാത്തതിനെ തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവുണ്ടായത്. 2021ൽ കോവിഡിനെ തുടർന്നായിരുന്നു വിമാനം റദ്ദാക്കിയത്.
ടിക്കറ്റ് തുകക്ക് പുറമേ നഷ്ടപരിഹാരമായി 20,000 രൂപയും അതിന് ഒമ്പത് ശതമാനം പലിശയും നൽകണമെന്നും ഉത്തരവുണ്ട്. 45 ദിവസത്തിനുള്ളിൽ തുക കൈമാറണം. അല്ലെങ്കിൽ മൂന്ന് ശതമാനം പലിശ അധികമായും നൽകേണ്ടി വരും. കേസിന്റെ ചിലവിനത്തിൽ 10,000 രൂപയും നൽകാനും ഉപഭോക്തൃ ഫോറം ഉത്തരവിട്ടിട്ടുണ്ട്.
2021 ഫെബ്രുവരിയിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ഫോറത്തിന് മുന്നിലെത്തിയത്. ഇത്തിഹാദിന്റെ ഹൈദരാബാദിലെ ഓഫീസിലെത്തിയാണ് ന്യൂയോർക്കിലേക്കുള്ള വിമാനം യാത്രക്കാരൻ ബുക്ക് ചെയ്തത്. ദുബൈ വഴിയായിരുന്നു വിമാനം. കോവിഡിനെ തുടർന്ന് വിമാനം റദ്ദാക്കിയപ്പോൾ നിരവധി തവണ എയർലൈനിനെ ബന്ധപ്പെട്ടുവെങ്കിലും ടിക്കറ്റിന്റെ തുക മടക്കി നൽകുകയോ മറ്റൊരു വിമാനത്തിൽ സീറ്റ് തരപ്പെടുത്തുകയോ ചെയ്തില്ലെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, പരാതിക്കാരൻ തങ്ങളെ സമീപിച്ചത് ജൂലൈയിലാണെന്നും റദ്ദാക്കിയ വിമാനങ്ങളുടെ റീഫണ്ട് തുകക്കായി തങ്ങളെ സമീപിക്കേണ്ട അവസാന തീയതി മാർച്ചിൽ തന്നെ പൂർത്തിയായിരുന്നതായും ഇത്തിഹാദ് വിശദീകരിച്ചു. തുടർന്ന് ഇതുസംബന്ധിച്ച് ഉപഭോക്തൃ ഫോറം പരിശോധന നടത്തുകയും പരാതിക്കാരൻ നിശ്ചിതസമയപരിധിക്കുളളിൽ തന്നെ വിമാന കമ്പനിയെ സമീപിച്ചിരുന്നതായും വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.