മഡ്രിഡ്: കൊട്ടിഗ്ഘോഷിച്ചെത്തി മൂന്നു ദിവസം കൊണ്ട് എല്ലാമവസാനിച്ച സൂപർ ലീഗിനെ ചൊല്ലി യൂറോപ്യൻ ഫുട്ബാൾ സംഘടനയായ യുവേഫയും ഇനിയും പിൻവാങ്ങാത്ത ക്ലബുകളും തമ്മിൽ കടുത്ത പോര്. പിൻവാങ്ങിയ ഇംഗ്ലീഷ് ക്ലബുകളും മറ്റു മൂന്നു ക്ലബുകളുമായി യുവേഫ കഴിഞ്ഞ ദിവസം ഇനി തിരിച്ചുപോകില്ലെന്ന് കരാർ എഴുതി വാങ്ങിയിരുന്നു. ഭാവിയിൽ സമാന ലീഗുകൾ വന്നാൽ എടുത്തുചാടി അവക്കൊപ്പം ചേരില്ലെന്നും കരാറിലെത്തിയിട്ടുണ്ട്. നിലപാട് മാറുന്ന പക്ഷം വൻതുക പിഴയൊടുക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ഇനിയും പിൻവാങ്ങാത്ത റയൽ മഡ്രിഡ്, ബാഴ്സലോണ, യുവെന്‍റസ് ക്ലബുകൾക്കെതിരെയും അസോസിയേഷൻ നടപടിക്ക് നടപടിക്കൊരുങ്ങുന്നതായാണ് സൂചന.
എന്നാൽ, പ്രഖ്യാപന സമയത്ത് സൂപർ ലീഗിന്‍റെ ഭാഗമാകുകയും പിന്നീട് ആരാധകരുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങുകയും ചെയ്ത ക്ലബുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റയൽ മഡ്രിഡ്, ബാഴ്സലോണ, യുവെന്‍റസ് ക്ലബുകൾ പറയുന്നു.
സ്വന്തം നാടുകളിലെ ലീഗുകൾ വിട്ടാണ് യൂറോപിലെ മുൻനിര ക്ലബുകൾ ചേർന്ന് സൂപർ ലീഗ് തുടങ്ങിയിരുന്നത്. കടുത്ത എതിർപ്പുയർന്നതോടെ ഒമ്പതു ക്ലബുകൾ 48 മണിക്കൂറിനിടെ പിൻവാങ്ങി. മാഞ്ചസ്റ്റർ സിറ്റിയാണ് ആദ്യമായി പിൻമാറ്റം പ്രഖ്യാപിച്ചത്. ലാ ലിഗ വമ്പന്മാരായ ബാഴ്സ, റയൽ ടീമുകളും യുവന്‍റസുമാണ് ഇനിയും നിലപാട് വ്യക്തമാക്കാത്തത്. ഇവർക്കെതിരെ രണ്ടുവർഷം ചാമ്പ്യൻസ് ലീഗ് വിലക്കുൾപെടെ വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.