ലഖ്നൗ: സമാജ്വാദി പാർട്ടിക്കും അഖിലേഷ് യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.എസ്.പി നേതാവ് മായാവതി. എം.എൽ.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ അഖിലേഷ് യാദവിെൻറ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബി.ജെ.പിക്ക് വോട്ട് ചെയ്യാനും തയ്യാറാണെന്ന് മായാവതി പ്രതികരിച്ചു.
''അടുത്ത എം.എൽ.സി തെരഞ്ഞെടുപ്പിൽ എസ്.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. അവരെ തോൽപിക്കാൻ ബി.ജെ.പിക്കോ മറ്റേതെങ്കിലും പാർട്ടിക്കോ ഞങ്ങൾ വോട്ട് ചെയ്യും. എസ്.പിക്ക് മേൽ വിജയസാധ്യതയുള്ള സ്ഥാനാർഥിക്ക് ബി.എസ്.പിയുടെ എല്ലാ എം.എൽ.എമാരും വോട്ട് ചെയ്യും''-മായാവതി വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു.
മായാവതിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്തെത്തി. ഇതിലും കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്ന് മായാവതിയുടെ പരാമർശം പങ്കുവെച്ച് പ്രിയങ്ക ട്വീറ്റ് ചെയതു.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിച്ചെങ്കിലും വലിയ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. ഇതിനുപിന്നാലെ ഇരുവരും പിണങ്ങിപ്പിരിഞ്ഞിരുന്നു. സഖ്യത്തിെൻറ പേരിൽ 1995 ലെ ഗസ്റ്റ് ഹൗസ് സംഭവത്തിൽ സമാജ്വാദി പാർട്ടിക്കെതിരെയുളള കേസ് പിൻവലിച്ചത് തെറ്റായെന്നും മായാവതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.