മുംബൈ: ശ്രീരാമന്‍റെ പേരിൽ വർഗീയ തീ ആളി കത്തിക്കുന്നത് അദ്ദേഹത്തിന്‍റെ ആശയത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവസേന മുതിർന്ന നേതാവും എം.പിയുമായ സഞ്ജയ് റാവത്ത്. മധ്യപ്രദേശിലെ ഖാർഗോണിലെ വർഗീയ സംഘർഷങ്ങളിൽ ശ്രീരാമൻ പോലും അസ്വസ്ഥനായിരിക്കും. തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിന് വേണ്ടി സമൂഹത്തിൽ മതപരമായ ഭിന്നത സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് രാജ്യത്തെ തകർക്കുമെന്നും അദ്ദേഹം ആരോപിച്ചു.
ശിവസേന മുഖപത്രമായ 'സാമ്‌ന'യിലെ തന്റെ പ്രതിവാര കോളത്തിലാണ് റാവത്തിന്‍റെ പ്രതികരണം. ആരെങ്കിലും തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനായി മതമൗലികവാദത്തിന്റെ തീ ആളിക്കത്തിക്കാനും സമാധാനം തകർക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ അവർ രണ്ടാം വിഭജനത്തിന്റെ വിത്ത് പാകുകയാണ്- റാവത്ത് പറഞ്ഞു.
രാമനവമി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗീയ സംഘർഷങ്ങൾ നല്ല ലക്ഷണമെല്ലന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാമനവമി ഘോഷയാത്രകൾ മുമ്പ് സംസ്കാരത്തെയും മതത്തെയും കുറിച്ചുള്ളതായിരുന്നു. എന്നാൽ ഇപ്പോൾ സാമുദായിക സംഘർഷം സൃഷ്ടിക്കുന്നതിലേക്ക് ഘോഷയാത്രകൾ മാറി. പള്ളികൾക്ക് പുറത്ത് ബഹളം സൃഷ്ടിച്ചത് അക്രമത്തിൽ കലാശിച്ചെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പിയുടെ പ്രവൃത്തികളെ ഹിന്ദുത്വ എന്ന് വിളിക്കാനാവില്ല. രാമന്റെ പേരിൽ വർഗീയ തീ ആളിക്കത്തിക്കുന്നത് രാമന്റെ ആശയത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.
എന്തിനാണ് രാമനവമി ദിനത്തിൽ അക്രമണമുണ്ടാക്കുന്നതെന്നും മോദിയുടെയും അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ രാമനവമി ഘോഷയാത്രക്ക് നേരെ മുസ്ലിംകൾ കല്ലെറിയുമെന്ന് ആരെങ്കിലും വിശ്വസിക്കുമോയെന്നും സബർകാന്തയിലെ അക്രമത്തെ പരാമർശിച്ച് സഞ്ജയ് റാവത്ത് ചോദിച്ചു.
മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ ബി.ജെ.പി അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനായി ക്രമസമാധാനം തകരാറിലാണെന്ന് വരുത്തി തീർക്കലാണ് രാജ് താക്കറെയുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.