ശ്രീനഗർ: ഇൻഡ്യ സഖ്യത്തിനുള്ള ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച ‘അനീതിയുടെ ചക്രവ്യൂഹത്തെ തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിൽ നിർണായക നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കവെയാണ് ‘എക്സി’ലൂടെ രാഹുലിന്റെ പ്രസ്താവന. ‘വഞ്ചനയിൽ നഷ്ടപ്പെട്ട’ ദശാബ്ദത്തെക്കുറിച്ച് ചിന്തിക്കണമെന്നും തങ്ങളുടെ സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയതെങ്ങനെയെന്ന് മറക്കരുതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വോട്ടർമാരെ ഓർമിപ്പിച്ചു. ജമ്മു കശ്മീർ മാറ്റത്തിന്റെ കൊടുമുടിയിലാണെന്ന് പറഞ്ഞ ഖാർഗെ, തങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് നല്ല മാറ്റം ഉറപ്പാക്കാൻ ജനാധിപത്യത്തിന്റെ ശക്തി ഉപയോഗിക്കണമെന്നും വോട്ടർമാരോട് അഭ്യർഥിച്ചു.
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ 26 നിയമസഭ മണ്ഡലങ്ങളിൽ രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ 25ലക്ഷത്തിലധികം വോട്ടർമാർ തങ്ങളുടെ ജനാധിപത്യാവകാശം വിനിയോഗിക്കും. മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല ഉൾപ്പെടെ 26 സീറ്റുകളിലേക്ക് മത്സരിക്കുന്ന 239 സ്ഥാനാർത്ഥികളുടെ വിധി ഇവർ നിർണയിക്കും.
ജമ്മു കശ്മീരിലെ എന്റെ സഹോദരീ സഹോദരന്മാരേ, ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. വൻതോതിൽ വന്ന് നിങ്ങളുടെ അവകാശങ്ങൾക്കും സമൃദ്ധിക്കും ഇൻഡ്യക്കും വേണ്ടി വോട്ട് ചെയ്യുക -എക്‌സിൽ ഹിന്ദിയിലെ പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങളുടെ സംസ്ഥാന പദവി തട്ടിയെടുത്തതിലൂടെ ബി.ജെ.പി സർക്കാർ നിങ്ങളെ അപമാനിക്കുകയും ഭരണഘടനാ അവകാശങ്ങൾ ഉപയോഗിച്ച് കളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇൻഡ്യ’ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും ബി.ജെ.പി സൃഷ്ടിച്ച അനീതിയുടെ ചക്രവ്യൂഹത്തെ തകർക്കുമെന്നും ജമ്മു കശ്മീരിനെ അഭിവൃദ്ധിയുടെ പാതയിൽ കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങളോട് അവരുടെ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിന് വൻതോതിൽ രംഗത്തിറങ്ങാൻ ഉദ്‌ബോധിപ്പിക്കുകയാണെന്ന് എക്സിലെ ഒരു പോസ്റ്റിൽ ഖാർഗെ പറഞ്ഞു. ഇ.വി.എമ്മിലെ വോട്ടിങ് ബട്ടൺ അമർത്തുമ്പോൾ നിങ്ങളുടെ ഒരു പതിറ്റാണ്ട് എങ്ങനെ ‘വഞ്ചന’യിലുടെ നഷ്ടപ്പെട്ടുവെന്ന് ചിന്തിക്കുക. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തപ്പെട്ടു.
തൊഴിലില്ലായ്മയും അഴിമതിയും ഭൂമിയുടെ മേലുള്ള അവകാശ പ്രശ്നങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ ഓർമപ്പെടുത്തി. നല്ല മാറ്റത്തിനായുള്ള വോട്ട് ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുമെന്നും അനിയന്ത്രിതമായ ക്ഷേമം ഉറപ്പുനൽകുമെന്നും ഖാർഗെ പറഞ്ഞു. മികച്ച ഭാവിക്കായി കാത്തിരിക്കുന്ന വോട്ടർമാരെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
ജമ്മു കശ്മീരിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘കഴിഞ്ഞ 10 വർഷമായി ഈ അവകാശം നിങ്ങളിൽനിന്ന് എടുത്തുകളഞ്ഞിരിക്കുന്നു. വൈദ്യുതി, വെള്ളം, റോഡ്, തൊഴിൽ, വരുമാനം, ബിസിനസ്സ്, ഭൂമി, വനം തുടങ്ങിയ വിഷയങ്ങളിൽ നിങ്ങളുടെ ശബ്ദം ഉയർത്തുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള നിങ്ങളുടെ അവകാശം എടുത്തുകളഞ്ഞുവെന്നും അവർ എക്‌സിൽ പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.