ന്യൂഡൽഹി: കൊറോണവൈറസ് ബാധ വീണ്ടും ശക്തിയാർജിക്കുന്ന രാജ്യത്ത് മധ്യവയസ്കർക്കു കൂടി കോവിഡ് വാക്സിൻ ലഭ്യമാക്കുന്നു. ഏപ്രിൽ ഒന്നു മുതൽ 45 വയസ്സിനു മുകളിലുള്ളവർക്കും വാക്സിൻ നൽകിതുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. അർഹരായവർ രജിസ്ട്രേഷൻ പൂർത്തിയാക്കി വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
60 വയസ്സിനു മുകളിലുള്ളവർക്കും 45- 60 വയസ്സുകാരിൽ മറ്റു രോഗങ്ങളുള്ളവർക്കുമായിരുന്നു ഇതുവരെയും വാക്സിൻ നൽകിയിരുന്നത്. ഇതുപ്രകാരം 27 കോടി പേർ വാക്സിന് അർഹരായിരുന്നുവെന്ന് കേന്ദ്ര സർക്കാർ കണക്കുകൾ പറയുന്നു. ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മർദം, അർബുദം, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളുള്ള ഏതു പ്രായക്കാർക്കും വാക്സിൻ സ്വീകരിക്കാം.
അടുത്ത ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുകയാണ്. ചൊവ്വാഴ്ചത്തെ കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ പുതിയ കോവിഡ് ബാധിതരുടെ എണ്ണം 40,715 ആണ്. 199 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മൊത്തം രേഖപ്പെടുത്തിയ കോവിഡ് ബാധിതർ 11,686,796ഉം മരണം 160,166ഉമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ഗുജറാത്ത്, ഛത്തീസ്ഗഢ്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രോഗബാധ ഏറ്റവും കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.