ന്യൂഡൽഹി: ബി.ജെ.പി പ്രധാന ഗുണഭോക്താവായ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധവും സുതാര്യതാ രഹിതവുമാണെന്നു കണ്ട് റദ്ദാക്കിയ നിർണായക സുപ്രീംകോടതി വിധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ബോണ്ട് പദ്ധതിയെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധന നടക്കുമ്പോൾ എല്ലാവരും ഖേദിക്കും. കള്ളപ്പണത്തിലേക്ക് രാജ്യത്തെ പൂർണമായി തള്ളിയിട്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് -ഈ പരാമർശങ്ങളോടെയാണ് കോടതി വിധിയെ മോദി തള്ളിപ്പറഞ്ഞത്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം ബുധനാഴ്ച സമാപിക്കാനിരിക്കേ, ഇതാദ്യമായി എ.എൻ.ഐ വാർത്ത ചാനലിന് നൽകിയ സുദീർഘ അഭിമുഖത്തിലാണ് മോദിയുടെ പരാമർശങ്ങൾ. മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിലെ വിമുഖതക്കിടയിൽ മോദി പലവട്ടം അഭിമുഖം നൽകിയ വാർത്ത ചാനലാണ് എ.എൻ.ഐ. ഇൻഡ്യ സഖ്യം, ഒറ്റ തെരഞ്ഞെടുപ്പ്, 2047 വികസന ലക്ഷ്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് മോദി ദീർഘമായി സംസാരിച്ചു. മൂന്നാമൂഴം അധികാരത്തിൽ വന്നാൽ ഭരണഘടന തിരുത്തുമെന്ന പേടി പരത്തുകയാണ് പ്രതിപക്ഷമെന്ന് മോദി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ കള്ളപ്പണ സ്വാധീനം തടയാനാണ് ബോണ്ട് പദ്ധതി കൊണ്ടുവന്നതെന്ന് മോദി വിശദീകരിച്ചു. ഇതാണ് പരമമായ മാർഗമെന്ന് അവകാശപ്പെട്ടിട്ടില്ല. കള്ളപ്പണം തെരഞ്ഞെടുപ്പിൽ അപകടകരമായ കളി നടത്തുന്നുവെന്ന് രാജ്യത്ത് ദീർഘകാലമായി ചർച്ചയുണ്ട്. അക്കാര്യം ആരും നിഷേധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കള്ളപ്പണത്തിൽ നിന്ന് തെരഞ്ഞെടുപ്പിനെ മുക്തമാക്കുന്നതിന് ചില വഴികൾ പരീക്ഷിക്കാൻ താൻ ആഗ്രഹിച്ചത്.
കള്ളപ്പണത്തിനെതിരായ നടപടി നേരിട്ട 16 കമ്പനികൾ വാങ്ങിയ ബോണ്ടുകളിലെ 63 ശതമാനം തുകയും പ്രതിപക്ഷ പാർട്ടികൾക്കാണ് കിട്ടിയതെന്നിരിക്കേ, പ്രതികാര നടപടികളിലൂടെ ബി.ജെ.പി പണമുണ്ടാക്കിയെന്ന വാദം എങ്ങനെ ശരിയാകുമെന്ന് മോദി ചോദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസുകളിൽ മൂന്നു ശതമാനം മാത്രമാണ് രാഷ്ട്രീയ നേതാക്കൾക്ക് എതിരെയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ പണം ബി.ജെ.പി ബോണ്ടു വഴി സമാഹരിച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.