ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ ബംഗളൂരു അർബൻ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ അടക്കാൻ സർക്കാർ ഉത്തരവിറക്കി. ബംഗളൂരുവിലെ ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂളുകളിൽ നേരിട്ടുള്ള ക്ലാസുകൾ റദ്ദാക്കിയതിനുപിന്നാലെയാണ് ട്യൂഷൻ സെന്ററുകൾ അടക്കാൻ നിർദേശം നൽകിയത്.
ഒമ്പതാം ക്ലാസ് വരെയുള്ളവർക്ക് ബംഗളൂരു നഗരത്തിൽ സ്കൂളിലെത്തിയുള്ള ക്ലാസുകൾ കഴിഞ്ഞദിവസം മുതൽ നിർത്തലാക്കിയിരുന്നു. ബംഗളൂരു അർബൻ ജില്ലയിലെ ട്യൂഷൻ സെന്ററുകളും മറ്റെല്ലാ കോച്ചിങ് സെന്ററുകളും അടച്ചുപൂട്ടാൻ പബ്ലിക് ഇൻസ്ട്രക്ഷൻ ഡെപ്യൂട്ടി ഡയറക്ടർമാർ നടപടി സ്വീകരിക്കണമെന്നാണ് പബ്ലിക് ഇൻസ്ട്രക്ഷൻ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചത്.
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി പത്തുമുതൽ പ്രാബല്യത്തിലായി. മൂന്നാം തരംഗം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാധിച്ച ബംഗളൂരു നഗരത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുന്നത്.
ഇത്തരം നിയന്ത്രണങ്ങൾക്കിടെയും കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുകയാണ്. വെള്ളിയാഴ്ച സംസ്ഥാനത്തെ ഒമിക്രോൺ കേസുകളും വർധിച്ചു. വെള്ളിയാഴ്ച 107 പേർക്കുകൂടി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു. ഇതോടെ ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 333 ആയി ഉയർന്നു.
വാരാന്ത്യ കർഫ്യൂവിൽ അവശ്യസർവിസുകൾക്ക് മാത്രമാണ് അനുമതി. വെള്ളിയാഴ്ച രാത്രി മുതൽ നഗരത്തിലെ വിവിധയിടങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു. നഗരത്തിലെ എല്ലാ മേൽപാലങ്ങളും രാത്രിയോടെ തന്നെ അടച്ചു. വാരാന്ത്യ കർഫ്യൂവിന് പുറമെ രാത്രി കർഫ്യൂ ഉൾപ്പെടെ ജനുവരി 19വരെയാണ് പുതിയ നിയന്ത്രണങ്ങൾ. ബംഗളൂരു അർബൻ ജില്ലയിലെ ഒമ്പതാം ക്ലാസ് വരെയുള്ള സ്കൂളുകൾ അടച്ചിട്ടിട്ടുണ്ട്. എന്നാൽ, വിശ്വേശ്വരയ്യ ടെക്നോളജിക്കൽ സർവകലാശാലയുടെ കീഴിലുള്ള ബംഗളൂരു അർബൻ ജില്ലയിലെ എൻജിനീയറിങ് കോളജുകൾ കോവിഡ് മാർഗനിർദേശ പ്രകാരം തുറന്നു പ്രവർത്തിക്കാനും ഓഫ് ലൈൻ ക്ലാസുകൾക്കും അനുമതി നൽകി.
നേരത്തേ മെഡിക്കൽ -പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് മാത്രമായിരുന്നു അനുമതി. പുതിയ ഉത്തരവിലൂടെയാണ് ബംഗളൂരുവിലെ എൻജിനീയറിങ് കോളജുകളിലും ഓഫ് ലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയത്.
എന്നാൽ, ബംഗളൂരുവിലെ എൻജിനീയറിങ് കോളജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫ് ലൈൻ ക്ലാസുകൾ നിർത്തിവെച്ചുകൊണ്ടുള്ള മുൻ ഉത്തരവ് വന്നതിന് പിന്നാലെ കേരളത്തിലേക്ക് ഉൾപ്പെടെ ആയിരക്കണക്കിന് എൻജിനീയറിങ് വിദ്യാർഥികളാണ് നാട്ടിലേക്ക് കഴിഞ്ഞ ദിവസങ്ങളിലായി മടങ്ങിയത്.
ഇതിനിടയിൽ എൻജിനീയറിങ് കോളജുകളിൽ വീണ്ടും ഓഫ് ലൈൻ ക്ലാസുകൾക്ക് അനുമതി നൽകിയത് വിദ്യാർഥികളെ വെട്ടിലാക്കി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓഫ് ലൈൻ ക്ലാസുകൾ ഒഴിവാക്കണമെന്നാണ് വിവിധ കോണുകളിൽനിന്നുള്ള ആവശ്യം. പത്ത്, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കും നേരിട്ടുള്ള ക്ലാസുകൾ തുടരുന്നുണ്ട്. ഇതിനെതിരെയും എതിരഭിപ്രായം ഉയരുന്നുണ്ട്.
വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് ബംഗളൂരുവിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓഫ് ലൈൻ ക്ലാസുകളും തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നാണ് ആവശ്യം. എൻജിനീയറിങ് കോളജുകൾക്ക് പ്രവർത്തനാനുമതി നൽകിയതിനു പുറമെ ചീഫ് സെക്രട്ടറി പി. രവികുമാർ ഇറക്കിയ പുതിയ ഉത്തരവിൽ വാരാന്ത്യ കർഫ്യൂവിൽ അഭിഭാഷകർക്കും ജോലിക്കുപോകാനുള്ള അനുമതി നൽകി.
ഇതിനുപുറമെ നിയമ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും 50 ശതമാനം ജീവനക്കാരെ വെച്ചുകൊണ്ട് വാരാന്ത്യങ്ങളിൽ പ്രവർത്തിപ്പിക്കാം. തിരിച്ചറിയൽ കാർഡോടെ അഭിഭാഷകർക്ക് വാരാന്ത്യ കർഫ്യൂ സമയത്ത് യാത്ര ചെയ്യാം. അടിയന്തര, ആശുപത്രി, അവശ്യ സർവിസുകൾക്ക് അല്ലാതെ മറ്റു അനാവശ്യ യാത്രകൾക്ക് വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുവരെ കർശന വിലക്കുണ്ടാകുമെന്നും പുതുക്കിയ ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.