ഗുവാഹതി: അസമിലെ പൊലീസ് നരനായാട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലും കുടിയൊഴിപ്പിക്കല്‍ തുടരുന്നു. പൊലീസിനു പുറമെ 32 കമ്പനി അര്‍ധസൈനികരെയും ഉപയോഗിച്ചാണ് ഒഴിപ്പിക്കൽ. സിഫാജാർ ജില്ലയിലെ ധോൽപൂരിൽ 800 കുടുംബങ്ങളെയാണ് തിങ്കളാഴ്ച കുടിയൊഴിപ്പിച്ചത്. മൂന്നു ദിവസമായി ആഹാരവും പാർപ്പിടവുമില്ലാതെ തുറസ്സായ സ്ഥലത്തു കഴിയുകയാണ് ഇൗ കുടുംബങ്ങൾ. ഇതിെൻറ തുടർച്ചയെന്നോണം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കുടിയൊഴിപ്പിക്കൽ നടന്നു. 100 കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ചതാണ് വ്യാഴാഴ്ച പൊലീസ് വെടിവെപ്പിൽ കലാശിച്ചത്.
വ്യാഴാഴ്ച രാവിലെ ധറാങ്ങിലെ സിപാജറിൽ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തിരുന്നു. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഈനുൽ ഹഖ് (30), ശൈഖ് ഫരീദ് (12) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഈനുലിെൻറ മൃതദേഹം പൊലീസിെൻറ കൂടെയുള്ള ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയ ചവിട്ടിമെതിച്ചിരുന്നു. വെടിയേറ്റ് നിലത്തുവീണ പ്രതിഷേധക്കാരനെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടുതല്ലുന്ന ദൃശ്യവും പുറത്തുവന്നു. അസമിലെ തദ്ദേശീയരായ ഗോത്രവിഭാഗങ്ങളിലെ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ ബഹുമുഖ കാർഷിക പദ്ധതി നടപ്പാക്കാനാണ് കുടിെയാഴിപ്പിക്കുന്നതെന്നാണ് പറയുന്നത്. ഇൗ സ്ഥലം കാളി ക്ഷേത്രത്തിേൻറതാണെന്നും സർക്കാർ പറഞ്ഞിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലിംകളാണ് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അധികവും.
മൂന്നു ദിവസത്തിനിടെ 900 കുടുംബങ്ങളിലെ 5,000 പേരെ കിടപ്പാടങ്ങളിൽനിന്ന് ആട്ടിപ്പുറത്താക്കിയതായി പ്രാഥമിക വസ്തുതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിനുപുറമെയാണ് കുടിയൊഴിപ്പിക്കൽ നടക്കുന്നത്. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം അസമിലുടനീളം ആയിരക്കണക്കിന് കുടുംബങ്ങളെ ബലം പ്രയോഗിച്ച് കുടിയൊഴിപ്പിെച്ചന്നും അവരിൽ ബഹുഭൂരിഭാഗവും മുസ്ലിംകളാണെന്നും വസ്തുതാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മൂന്നു മാസം മുമ്പ് ധുബ്രിയിൽ 300 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. 2019ൽ ബിശ്വനാഥ് ജില്ലയിൽ 445 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. അതിനുശേഷം കാസിരംഗയിലും കുടിയൊഴിപ്പിക്കൽ നടന്നു. അവരെല്ലാം കിടപ്പാടം നഷ്ടെപ്പട്ട് അഭയമില്ലാതെ കഴിയുകയാണ്.
ശാഫി മദനിയുടെ നേതൃത്വത്തിൽ അസം നോർത്ത് ജമാഅത്തെ ഇസ്ലാമി, സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചർ, ഓൾ അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂനിയൻ, ജംഇയ്യത്ത് ഉലമായേ ഹിന്ദ് എന്നിവരുമായി സഹകരിച്ചാണ് വസ്തുതാന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. ജീവിക്കുന്ന ഭൂമിയിൽ നിന്ന് പിഴുതെറിയപ്പെട്ട കുടുംബങ്ങൾക്ക് അഭയവും ഭക്ഷണവും നിയമസഹായവും അടിയന്തരമായി നൽകേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.