ന്യൂഡൽഹി: തിങ്കളാഴ്ച ഉപതെരെഞ്ഞടുപ്പ് നടന്ന ഉത്തർപ്രദേശിൽനിന്നും മഹാരാഷ്ട്രയിൽനിന്നും വോട്ടുയന്ത്രങ്ങളെക്കുറിച്ച് പരാതിപ്രവാഹം. എന്നാൽ, കൊടുംചൂടാണ് യന്ത്രത്തെ തകരാറിലാക്കിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരിച്ചു.
വോട്ടുയന്ത്രങ്ങളിൽ വലിയ തോതിൽ തകരാറുണ്ടെന്നത് അതിശയോക്തിപരമാണെന്നും കമീഷൻ പറഞ്ഞു. മഹാരാഷ്ട്രയിലെ പാൽഗഢ്, ഭണ്ഡാറ ഗോണ്ഡ്യ ലോക്സഭ മണ്ഡലങ്ങളിൽ യന്ത്രം തകരാറിലായതു മൂലം 35 ബൂത്തുകളിൽ വോെട്ടടുപ്പ് നിർത്തിവെക്കേണ്ടിവന്നുവെന്ന് ജില്ല മജിസ്ട്രേറ്റ് അഭിമന്യു കാലെ അറിയിച്ചു. എന്നാൽ, ഇതും പിന്നീട് കമീഷൻ നിഷേധിച്ചു. ബി.ജെ.പി സ്ഥാനാർഥിക്കെതിരെ രാഷ്ട്രീയ ലോക്ദൾ, സമാജ്വാദി പാർട്ടി, ബി.എസ്.പി, കോൺഗ്രസ് എന്നീ പ്രതിപക്ഷ കക്ഷികൾ പൊതുസ്ഥാനാർഥിയെ നിർത്തിയ യു.പിയിലെ കൈരാനയിൽ 175 ബൂത്തുകളിൽ യന്ത്രത്തകരാർ.
മിക്ക ബൂത്തുകളിലും ഇതുമൂലം വോെട്ടടുപ്പ് നിർത്തിവെക്കേണ്ടി വന്നതായി പ്രതിപക്ഷ സ്ഥാനാർഥി തബസ്സും ഹസൻ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് കമീഷണർക്ക് സമർപ്പിച്ച പരാതിയിൽ ബോധിപ്പിച്ചു.തബസ്സും സമർപ്പിച്ച പരാതിക്കൊപ്പം വോട്ടുയന്ത്രങ്ങളിലും വിവിപാറ്റിലും തകരാറ് കണ്ട ബൂത്തുകളുടെ പട്ടികയും സമർപ്പിച്ചിട്ടുണ്ട്.
വോട്ടുയന്ത്രവുമായി ബന്ധിപ്പിച്ച വിവിപാറ്റുകളെക്കുറിച്ചായിരുന്നു കൂടുതലും പരാതികൾ. വോട്ടുയന്ത്രങ്ങൾ തകരാറിലാക്കി വോട്ട് മുടക്കി വോട്ടർമാരെ തിരിച്ചയക്കുന്ന തന്ത്രം സർക്കാർ സ്വീകരിക്കുകയായിരുന്നുവെന്ന് രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ് ആരോപിച്ചു.
ആർ.എൽ.ഡി സ്ഥാനാർഥി തബസ്സുമിനെയാണ് പ്രതിപക്ഷം അവിടെ പിന്തുണക്കുന്നത്. കേടുവന്ന വോട്ടുയന്ത്രങ്ങളാണ് ഗ്രാമീണ മുസ്ലിം ദലിത് മേഖലകളിലധികവും സ്ഥാപിച്ചതെന്ന് തബസ്സും കുറ്റപ്പെടുത്തി.
ഇൗ തരത്തിൽ തെരഞ്ഞെടുപ്പ് ജയിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാൽ, അതിന് അനുവദിക്കില്ലെന്ന് തബസ്സും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.