പനാജി: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണെറിഞ്ഞിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. അതിന്‍റെ ആദ്യ ചവിട്ടുപടിയെന്ന നിലയിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ത്രിപുരയിലും ഗോവയിലും ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ദീദി. ഗോവയിലെ പദ്ധതിയുടെ ഭാഗമായി ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷൻ വിജയ് സർദേശായ്യുമായി മമത ഇന്ന് കൂടിക്കാഴ്ച നടത്തും.
ഈ വർഷം ഏപ്രിലിൽ ബി.ജെ.പി സഖ്യം വിട്ട ഗോവ ഫോർവേഡ് പാർട്ടി ശക്തരായ ഒരു പങ്കാളിയെ തേടുകയാണെന്ന് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. വഗീയതയും അഴിമതിയും നിറഞ്ഞ ഗോവയിലെ ഭരണം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്നും അതിനാൽ ശനിയാഴ്ച രാവിലെ മുതിർന്ന പാർട്ടി നേതാക്കൾക്കൊപ്പം മമതയെ കാണുമെന്നും സർദേശായ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മമത മൂന്ന് ദിവസത്തെ ഗോവ സന്ദർശനത്തിലാണുള്ളത്.
മൂന്ന് എം.എൽ.എമാരാണ് ജി.എഫ്.പിക്കുള്ളത്. ബി.ജെ.പി സർക്കാറിൽ സർദേശായ് ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നു. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനായിരുന്നു ജി.എഫ്.പി ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ അവർ സമ്മതം മൂളാത്തതിനാൽ തൃണമൂലിനൊപ്പം പോകാൻ ഒരുങ്ങുകയാണ്.
കഴിഞ്ഞ ദിവസം ടെന്നിസ് താരം ലിയാണ്ടർ പേസും നടി നഫീസ അലിയും ടി.എം.സിയിൽ അംഗത്വമെടുത്തിരുന്നു. 40 സീറ്റിലേക്കാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ്.
2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ബി.ജെ.പി 13 സീറ്റിൽ ഒതുങ്ങി. എന്നാൽ മനോഹർ പരീക്കറിന്‍റെ നേതൃത്വത്തിൽ പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാറുണ്ടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.